' മരണ വിവരം അറിഞ്ഞയുടനെ നാട്ടിലേക്ക് പോകാൻ..... ' ഓർമ്മകൾ പൂക്കുമ്പോൾ (ഭാഗം 34)

By: 600009 On: Oct 8, 2021, 5:14 PM

Written By: Abraham George

സണ്ണിച്ചന്റെ വീട്ടിലെ കാര്യങ്ങളെല്ലാം സ്വസ്ഥമായി കഴിഞ്ഞതിന് ശേഷം രണ്ടു വർഷം കടന്നുപോയി. കുട്ടികൾ ഡേ കെയറിലും, സ്ക്കൂളിലും പോയി തുടങ്ങി. ലക്ഷ്മി യൂണിവേഴ്സിറ്റിയിലെ തൊഴിലുമായി തിരക്കിലായി.

സണ്ണിച്ചൻ തൊഴിലിന്റെ ഭാഗമായി അമേരിക്കയിലെ പല സ്റ്റേറ്റിലുമായി കറങ്ങിനടക്കുകയായിരുന്നു. അക്കാലത്ത് നാട്ടിൽ നടന്ന സംഭവങ്ങൾ ലക്ഷ്മി ഓർമ്മിച്ചെടുക്കുകയായിരുന്നു. അതിൽ ഏറ്റവും വേദന തോന്നിയത് സണ്ണിച്ചന്റെ അമ്മയുടെ  മരണമാണ്.

സണ്ണിച്ചൻ ഫ്ലോറിഡായിലെ ഒരു കോൺഫ്രൻസ് കഴിഞ്ഞ് ഷിക്കാഗോയിലെ വീട്ടിൽ തിരിച്ചെത്തിയേ ഉണ്ടായിരുന്നുള്ളൂ. മരണ വിവരം അറിഞ്ഞയുടനെ നാട്ടിലേക്ക് പോകാൻ തീരുമാനമെടുത്തു. മൂത്തമകൻ ബാബുവിന് ആറുവയസ്സും, ഇളയവൻ ഉണ്ണിക്ക് രണ്ടു വയസ്സും പ്രായമായിരുന്നു. ഞങ്ങൾ നാട്ടിലെത്തിയതിനു ശേഷമാണ് ശവസംസ്ക്കാര ചടങ്ങ് നടന്നത്. എല്ലാത്തിനുമെപ്പോളും കൂടെയുണ്ടായിരുന്ന അമ്മയുടെ വേർപാട് എന്നെയെറേ വേദനിപ്പിച്ചു. സണ്ണിച്ചൻ നാട്ടിലില്ലാതിരുന്ന കാലത്ത് മനസ്സിനൊരാശ്വാസം നൽകിയിരുന്നത് സണ്ണിച്ചൻ്റെ അമ്മ മാത്രമായിരുന്നു. സണ്ണിച്ചനെക്കുറിച്ചുള്ള വിവരണങ്ങൾ അറിഞ്ഞിരുന്നതും അമ്മയിൽ നിന്നു മാത്രം.

ശരാശരി എൺപത് വയസ്സ് വരെ ജീവിക്കുന്ന മനുഷ്യൻ എന്തെല്ലാം കാട്ടി കൂട്ടിയാണ് ഭൂമിയിൽ നിന്ന് ഇല്ലാതാകുന്നതെന്ന് ഓർത്തു. കാലത്തിനൊപ്പം കോലം തുള്ളുന്ന മനുഷ്യ ജീവതങ്ങൾ. ഓരോ ദൈവങ്ങളുടെ പേര് പറഞ്ഞ് തമ്മിതല്ലുന്നവർ. ദൈവങ്ങൾക്ക് ഇതെല്ലാം നോക്കിയിരിക്കാൻ നേരമുണ്ടോ, ആവോ. അല്ലങ്കിൽ ദൈവം തന്നെയുണ്ടോ. സണ്ണിച്ചന്റെ ഭാഷയിൽ അവനവൻ തന്നെ ദൈവം. സൃഷ്ടിയും സൃഷ്ടികർത്താവ് അവനവൻ തന്നെ. അദ്വൈതം. രണ്ടില്ലാ ഒന്നു മാത്രം.

സംസ്ക്കാര ചടങ്ങിനു ശേഷം എല്ലാവരും ഏറെ സംസാരിച്ച്, താമസിച്ചാണ് കിടക്കാൻ പോയത്. റാഫേൽ ചേട്ടന്റെ മൂത്തമകനും ഭാര്യ മുംതാസും അവിടെയുണ്ടായിരുന്നെങ്കിലും രാത്രി തന്നെ മടങ്ങിപ്പോയി. മുംതാസുമായി ലക്ഷ്മി ഏറെ നേരം സംസാരിച്ചിരുന്നു. നല്ല മൊഞ്ചുള്ളതും, അറിവുള്ള കുട്ടിയുമായിരുന്നു മുംതാസ്.  

'നിങ്ങൾക്ക് കുട്ടികളൊന്നും മായില്ലേയെന്ന് ലക്ഷ്മി അന്വേഷിച്ചു. ഉടനേ വേണ്ടായെന്ന് വെച്ചെന്നേയുള്ളൂയെന്നവൾ പറഞ്ഞു.'

ഞാൻ സണ്ണിച്ചൻ്റെ വീട്ടിൽ ആദ്യമായതു കൊണ്ടും, കുട്ടികൾക്ക് അപരിചിതമായ സ്ഥലമായതു കൊണ്ടും അന്നത്തെ ദിവസം ഉറങ്ങാനേ കഴിഞ്ഞില്ല. സണ്ണിച്ചൻ അപ്പന്റെയടുത്തും ജേഷ്ഠൻ റാഫേലിന്റെയടുത്തുമായി ഭാവികാര്യങ്ങൾ സംസാരിച്ചിരിക്കുകയായിരുന്നു. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാൽ ഇവിടെ നിന്നും കണ്ടനാട്ടിലേക്ക് മാറാനാണ് ആഗ്രഹിക്കുന്നതെന്ന് ജേഷ്ഠൻ റാഫേൽ പറഞ്ഞു. കൃഷി ഭൂമികളെല്ലാം തരിശായി കിടക്കയാണന്നും, ആരും ഇപ്പോൾ കൃഷി ഒന്നും ചെയ്യുന്നില്ലായെന്നും പറഞ്ഞു. എല്ലാവരും കാർഷീക കൃഷിയിൽ നിന്നും നാണ്യകൃഷിയിലേക്ക് മാറിയെന്നും ഇവിടെയിപ്പോൾ റബ്ബർ കൃഷി മാത്രമായി ചുരുങ്ങിയെന്നുള്ളതുമാണ് സത്യം. റബ്ബറിനാണങ്കിലോ നല്ല വിലകിട്ടുന്നുമില്ല.  

ജൈവകൃഷിലേക്ക് തിരിഞ്ഞാലോയെന്ന മോഹമാണിപ്പോളുള്ളത്. കണ്ടനാടാണങ്കിൽ ഏതോ സിനിമാനടൻ ചെണ്ടകൊട്ടി ലോകം മുഴുവൻ അറിയിച്ച് ജൈവകൃഷി നടത്തുന്നുണ്ടന്ന് അയാൾ പറഞ്ഞു. അവിടെ എവിടെയെങ്കിലും പോയി ജൈവകൃഷി നടത്തിയാൽ വിറ്റഴിക്കാൻ എളുപ്പമായിരിക്കുമെന്ന് അയാൾ പറഞ്ഞു. പറയണ വിലക്ക് സാധങ്ങൾ വാങ്ങാൻ ആളും കാണും. ഇവിടെ ജൈവകൃഷി നടത്തിയാൽ അത്ര പ്രശ്സ്തി കിട്ടില്ല.

അവിടെയായിരിക്കുമ്പോളാണ് ഗോപിയേട്ടന് ഹാർട്ട് അറ്റാക്ക് വന്ന കാര്യം അറിയുന്നത്. ക്രിട്ടിക്കൽ സ്റ്റേജായിരുന്നു. ഭാഗ്യകൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ചേട്ടത്തി പറഞ്ഞു. ചേട്ടത്തിയുടെയും ആരോഗ്യനില മോശമായി കണ്ടു. ഇത്രയും സംഭവങ്ങൾ ഉണ്ടായിട്ടും എന്താണ് ഞങ്ങളെ അറിയിക്കാതിരുന്നതെന്ന് ലക്ഷ്മി കുണ്ഠിതപ്പെട്ടു.   ഗോപിയേട്ടൻ ഇപ്പോൾ അവരെയറിക്കണ്ടായെന്ന് ശാഠ്യം പിടിച്ചു. അവർ അവിടെ സന്തോഷത്തോടെ ജീവിക്കട്ടേയെന്ന് പറഞ്ഞു. എല്ലാത്തിനും ഓടി വരാൻ പറ്റണ കാര്യമാണോയെന്നും ചോദിച്ചു. അതോണ്ടാണ് അറിയിക്കാതിരുന്നതെന്ന് ചേട്ടത്തി സങ്കടത്തോടെ അറിയിച്ചു.

അന്നു വൈകുന്നേരമായപ്പോൾ ലക്ഷ്മി സണ്ണിച്ചനെയും മക്കളെയും കൂട്ടി തറവാട്ടു വീട്ടിലേക്ക് പോയി. വീട് വൃത്തിയായിരുന്നെങ്കിലും മുറ്റവും പരിസരവും കാട് പിടിച്ചിരുന്നു. മക്കളെ, അമ്മ ജനിച്ചു വളർന്ന വീട് പരിചയപ്പെടുത്തിക്കൊടുത്തു. മക്കൾ കൂടുതലായി ഒന്നും തന്നെ സംസാരിച്ചില്ല. അവർക്ക് ഇവിടം ഒരു മടുപ്പു പോലെ തോന്നി. കുളക്കടവിൽ സണ്ണിച്ചനോടും, മക്കളോടും ഒപ്പം ഇരുന്നു. പഴയ കഥകളൊന്നും മക്കളുടെ മുമ്പിൽ വിളമ്പിയില്ല. സണ്ണിച്ചനെ ഒളികണ്ണിട്ട് നോക്കി ചിരിച്ചു.

കാറ്റില്ലെങ്കിലും മരങ്ങളുടെ നിഴലുകൾക്ക് അനക്കമുണ്ടായിരുന്നു. ഞങ്ങൾ അവിടെ നിന്നും അമേരിക്കയിലെത്തി പത്തു വർഷത്തിനുള്ളിൽ നടന്ന സംഭവ പരമ്പര വേദനാജനകമായിരുന്നു. ഗോപിയേട്ടന്റെ മരണം. ലക്ഷ്മിയെ പെട്ടന്ന് അറിയിക്കരുതെന്ന് മരിക്കുന്നതിനു മുമ്പേ ഗോപിയേട്ടൻ ഏട്ടത്തിയോട് പറഞ്ഞിരുന്നു. അവൾക്ക് അത് താങ്ങാനുള്ള കരുത്ത് ഉണ്ടാകില്ല. ഒരു കാലത്ത് അവൾക്കുണ്ടായ മാനസ്സീക നില പിന്നെയും തകരാറാകരുത് എന്നായിരുന്നു ആദർശധീരനായ സഖാവ് ഗോപിയേട്ടന്റെ വാദം. ഗോപിയേട്ടന്റെ മരണം ഞാൻ അറിഞ്ഞില്ല. മാസങ്ങളോളം ആ ദുഃഖം അറിയാതെ ഞാൻ അമേരിക്കയിൽ ജീവിച്ചു. ഒരിക്കൽ സണ്ണിച്ചന്റെ വായിൽ നിന്നും ആ വാർത്ത കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. സണ്ണിച്ചന്റെ മാറിൽ കെട്ടിപ്പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു 'എന്തിന് ഇത്രയും വലിയ കാര്യം മറച്ചുവെച്ചുവെന്ന്. അതിന് സണ്ണിച്ചൻ പറഞ്ഞ ഉത്തരം വേദനാജനകമായിരുന്നു. മരിക്കുന്നതിനു മുമ്പ് ഗോപിയേട്ടൻ പറഞ്ഞു വെച്ച വാക്ക് പാലിക്കുകയായിരുന്നു. നിന്നെ സാവകാശം എല്ലാം അറിയിക്കാമെന്ന് കരുതി.'

ആ വാക്കുകൾ അവളെക്കൂടുതൽ കരയിപ്പിച്ചു. അവസാനമായി ഒരു നോക്ക് കാണാൻ കഴിയാതെ പോയല്ലോയെന്ന് ഓർത്ത് ഏറെ കരഞ്ഞു. സണ്ണിച്ചന്റെ വിരലുകൾ എന്റെ മുടിയിലൂടെ ഓടിയപ്പോൾ എനിക്കൊരാശ്വാസം തോന്നി. അന്നാണ് എന്റെ മാനസ്സീകാവസ്ഥ ഇത്രത്തോളം പരിതാപകരമായിരുന്നുയെന്ന് അറിഞ്ഞത്. എന്റെ മനസ്സ് തീർത്തും വിണ്ടുകീറി. ഞാൻ ചോദിച്ചു

"സ്വന്തം ഏട്ടന്റെ മരണ വിവരം അറിയിക്കാതിരിക്കാൻ മാത്രം ഞാൻ തകർന്നിരുന്നോ . ഇത് വെറും ഒരു നിസ്സാര കാര്യമായി എല്ലാവരും കരുതിയോ. മനസ്സിന്റെ സമനില തെറ്റുന്നതായി അവൾക്ക് തോന്നി. അപ്പോൾ നിങ്ങളെല്ലാം എന്നെ സഹിക്കുകയായിരുന്നോ." അവൾ ചോദിച്ചു.

"അങ്ങനെയല്ലാ ലക്ഷ്മി, നിനക്ക് ഒന്നുമില്ലായെന്ന് എനിക്കറിയാം. ഗോപിയേട്ടന്റെ മരണം ഞാൻ തന്നെയറിഞ്ഞത് പിന്നീടാണ്. ചേട്ടത്തി അബോധാവസ്ഥയിലായിരുന്നു. പിന്നെ ആരറിയിക്കാൻ. അവർക്ക് മക്കളില്ലായെന്ന കാര്യം നിനക്കറിയില്ലേ. . ചേട്ടത്തിയുടെ ബന്ധുക്കൾ, അവർ അത് വേണ്ടായെന്ന് വെച്ചു കാണും."

ഞാനത് വിശ്വസിച്ചു. വിശ്വസിക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല. അന്യനാടുകളിൽ പ്രവാസ ജീവിതം നയിക്കുന്നവർ അങ്ങനെ പലതും വിശ്വസിക്കേണ്ടിവരും. ഗോപിയേട്ടൻ മരിക്കണതിനു മുമ്പായി തറവാടും, പറമ്പും ലക്ഷ്മിയുടെ പേരിൽ എഴുതിവെച്ചിരുന്നു. അവൾ എന്നെങ്കിലും നാട്ടിലെത്തിയാൽ കേറിക്കിടക്കാനിടമില്ലാതെ അലഞ്ഞ് നടക്കേണ്ടിവരരുത് എന്നതായിരുന്നു അതിന്റെ ഉദ്ദേശം. താമസിയാതെ ചേട്ടത്തിയും മരിച്ചു.

ഞാനിത് പറയുമ്പോൾ വിചിത്രമായി തോന്നുന്നുണ്ടല്ലേ. ചിലത് അങ്ങനെയാണ്, വിശ്വസിക്കുന്നതിലും നല്ലത് വിശ്വാസിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നും. സത്യത്തിന്റെ പൊയ്മുഖം ആർക്കും മറച്ചു വെക്കാനാവില്ലല്ലോ. ആ മരണ വിവരം സണ്ണിച്ചനെപ്പോലും, ചേട്ടത്തിയുടെ വീട്ടുകാർ അറിയിച്ചില്ല. സ്വന്തം എന്ന് കരുതുന്നവർ ഒരോരുത്തരായി പിരിഞ്ഞ് പോകുമ്പോൾ ഉണ്ടാകുന്ന വേദന എത്ര വലുതായിരുന്നുയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരിക്കൽ തനിക്കായി ഒത്താശ നൽകിയ ചേട്ടത്തി, തനിക്കായി ഏറെ സങ്കടപ്പെട്ട ചേട്ടത്തി, എന്നെ സണ്ണിച്ചനോടപ്പം കൂട്ടി ചേർക്കാൻ ചേട്ടനൊടപ്പം ഡൽഹിയിലെത്തിയ ചേട്ടത്തി, അന്ന് തനിക്കായി കണ്ണുനീർ ഒഴുക്കിയ ചേട്ടത്തി, അവരുടെ തിരോധാനം ഞങ്ങൾ അറിയാതെ പോയപ്പോൾ, അല്ലാ ഞങ്ങളെ അറിയിക്കാതെ, ശവദാഹം വരെ നടത്തിയ ചേട്ടത്തിയുടെ വീട്ടുകാരുടെ ദുര മോഹം ഓർത്ത് കുറെ കരഞ്ഞൂ.

അവർക്ക് ചേട്ടന്റെയും, ചേട്ടത്തിയുടെയും സ്വത്ത് കൈവശമാക്കാനുള്ള ആർത്തിയായിരുന്നു. ചേട്ടത്തിക്ക് തീരെ വയ്യാതിരുന്നു കാലത്തു തന്നെ പ്രമാണങ്ങൾ ഒപ്പിട്ട് അവർ വാങ്ങിച്ചിരുന്നു. സ്വത്തിനു വേണ്ടി ബന്ധങ്ങളെ കശാപ്പ് ചെയ്യുന്ന മനുഷ്യകുലത്തെ ഓർത്ത് വേദനിച്ചു. ഇത്രയുമൊക്കെയറിഞ്ഞിട്ടും ചേട്ടനും ചേടത്തിയും മരിച്ചുപോയിയെന്ന് വിശ്വസിക്കാൻ ലക്ഷ്മിക്കായില്ല. അവരുടെ ഓരോ നടപ്പും, ചെയ്തികളും മനസ്സിൽ നിറഞ്ഞ് കിടന്നു. ഇടക്കവൾ അവരെ സ്വപ്നം കണ്ടു. മോളേയെന്ന് വിളിച്ച് ചേട്ടത്തി വരുന്നതും, ഗോപിയേട്ടൻ ആലിംഗനം ചെയ്ത് നെറ്റിയിൽ ചുംബിക്കുന്നതും അവൾ കണ്ടു. അവർ ഇന്നും ജീവിച്ചിരിക്കുന്നൂയെന്ന് വിശ്വസിക്കാനായിരുന്നൂ അവൾക്കിഷ്ടം.

ഞങ്ങൾക്ക് സ്വത്തൊന്നും വേണ്ടായിരുന്നു. അവസാനമായി കാണാനായില്ലായെന്ന വേദനയായിരുന്നു മനസ്സിൽ നിറഞ്ഞ് നിന്നത്. ആർക്ക് ആരേ കുറ്റം പറയാനാകും. ഈ പത്ത് വർഷം അതികഠിനതയുടെ കാലമായിരുന്നു. ഓർക്കാപ്പുറത്ത് സണ്ണിച്ചന്റെ അപ്പൻ മരിച്ചു. കാർഡിയാക് അറസ്റ്റ്. അന്ന് സണ്ണിച്ചൻ ന്യൂയോർക്കിലായിരുന്നു. ഷിക്കാഗോയിൽ തിരിച്ചെത്തിയപ്പോൾ രണ്ടു ദിവസം കഴിഞ്ഞു. പിന്നീട് നാട്ടിലേക്കുള്ള യാത്ര നീട്ടി വെക്കുകയായിരുന്നു. പ്രവാസ ജീവിതത്തിന് നാട്ടിലെ ഹൃദയമിടിപ്പ് വിദൂരതയിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നവസ്ഥ. നാട്ടിലേക്കുള്ള യാത്രക്ക് കുട്ടികളുടെ വിദ്യാഭ്യാസവും അവരുടേതായ കാര്യങ്ങളും പ്രധാന വസ്തുതകളായി വരുന്നുണ്ട്. ഇതോടേ നാട് അന്യമായി കഴിഞ്ഞു.

ആരേ കാണാനാണ് നാട്ടിലേക്ക് വെറുതെ പോകണമെന്ന തോന്നലായി. ഇത്രയും കാലത്തെ അമേരിക്കൻ ജീവിതത്തിനിന്നും ഒന്നു മനസ്സിലായി. ഞങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. അമേരിക്ക ഞങ്ങളുടെ നാടായി കഴിഞ്ഞു. കുട്ടികളെ പഠനത്തിനായി വിട്ടാൽ ഞാനും, സണ്ണിച്ചനും ഓഫീസിലേക്ക് പോകും. സ്ക്കൂൾ പഠനം ഇവിടെ ഫ്രീയായി നടക്കുമെങ്കിലും സർവ്വകലാശാല പഠനം ചെലവേറിയതാണ്. മൂത്തവൻ സർവ്വകലാശാല പഠനത്തിലേക്ക് തിരിഞ്ഞതോടെ അധിക ചെലവുകൾ വഹിക്കേണ്ടി വന്നു.

-----തുടരും---------