പി പി ചെറിയാന്‍
അരിസോണ: അമേരിക്കയിലെ പ്രമുഖ റിപ്പബ്ലിക്കന്‍ നേതാവും മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പരേതനായ സെനറ്റര്‍ ജോണ്‍ മക്കെയ്‌ന്റെ മൂത്ത മകന്‍ ഡഗ് മക്കെയ്ന്‍ (66) അന്തരിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെങ്കിലും പെട്ടെന്നുണ്ടായ വിയോഗമായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
പിതാവിനെപ്പോലെ തന്നെ അമേരിക്കന്‍ നാവികസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിച്ച ഡഗ് മക്കെയ്ന്‍, പിന്നീട് അമേരിക്കന്‍ എയര്‍ലൈന്‍സില്‍ കൊമേഴ്‌സ്യല്‍ പൈലറ്റായും ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോണ്‍ മക്കെയ്ന്‍-കാരള്‍ ഷെപ്പ് ദമ്പതികളുടെ മകനായ ഡഗിനെ 1966-ലാണ് ജോണ്‍ മക്കെയ്ന്‍ ദത്തെടുക്കുന്നത്. ഡഗ് മക്കെയ്‌ന്റെ വിയോഗത്തില്‍ മക്കെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും അദ്ദേഹത്തിന്റെ സഹോദരിയും പ്രമുഖ ടെലിവിഷന്‍ താരവുമായ മേഗന്‍ മക്കെയ്‌നും അനുശോചനം രേഖപ്പെടുത്തി.
ഭാര്യ: ആഷ്ലി. മക്കള്‍: കരോലിന്‍ മക്കെയ്ന്‍ ഹെന്‍ഡ്രിക്‌സണ്‍, ഡഗ് ഷെപ്പ് മക്കെയ്ന്‍ ജൂനിയര്‍. സഹോദരങ്ങള്‍: ആന്‍ഡി മക്കെയ്ന്‍, സിഡ്‌നി മക്കെയ്ന്‍. കൂടാതെ മേഗന്‍ മക്കെയ്ന്‍ ഉള്‍പ്പെടെ നാല് രണ്ടാനമ്മയിലുള്ള സഹോദരങ്ങളുമുണ്ട്. (അര്‍ബുദ ബാധയെത്തുടര്‍ന്ന് 2018 ഓഗസ്റ്റിലായിരുന്നു സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍ അന്തരിച്ചത്).