കാണാതായ രണ്ട് കുഞ്ഞുങ്ങള്‍ക്കായി യുട്ടായില്‍ തിരച്ചില്‍; ജനങ്ങളുടെ സഹായം തേടി

By: 600002 On: May 25, 2026, 11:55 AM


 

പി പി ചെറിയാന്‍

യുട്ടാ:അമേരിക്കയിലെ യുട്ടായില്‍ രണ്ട് വയസ്സില്‍ താഴെയുള്ള രണ്ട് ആണ്‍കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചു. കുട്ടികളുടെ പിതാവായ ഡെയ്ന്‍ സ്റ്റീഫന്‍ റിച്ച്മാന്‍ (46) എന്നയാള്‍ക്കെതിരെ 'ആംബര്‍ അലര്‍ട്ട്' (കുട്ടികളെ കാണാതാകുമ്പോള്‍ പുറപ്പെടുവിക്കുന്ന അടിയന്തിര മുന്നറിയിപ്പ്) പുറപ്പെടുവിച്ചിട്ടുണ്ട്.

ഗുരുതരമായ വിഷാദരോഗത്തിന് അടിമയായ റിച്ച്മാന്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും, വീട്ടിലെ സാധനങ്ങള്‍ വിറ്റഴിച്ച് സ്ഥലം വിട്ടതായും പോലീസ് പറഞ്ഞു. കുട്ടികള്‍ക്ക് ഇയാളില്‍ നിന്ന് ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ സംഭവിച്ചേക്കാമെന്ന് അധികൃതര്‍ ആശങ്കപ്പെടുന്നു.

മേയ് 16-ന് വാഷിംഗ്ടണിലെ അമ്മയുടെ അടുത്തുനിന്നുമാണ് വില്‍ (1 വയസ്സ്), വെസ്ലി (10 മാസം) എന്നീ കുട്ടികളെ റിച്ച്മാന്‍ കൂട്ടിക്കൊണ്ടുപോയത്. ശനിയാഴ്ച യുട്ടായിലെ വീട്ടില്‍ വെച്ച് കുട്ടികളെ അമ്മയ്ക്ക് കൈമാറേണ്ടതായിരുന്നുവെങ്കിലും ഇയാള്‍ എത്തിയില്ല. ഒരു കറുത്ത ടൊയോട്ട കാറിലാണ് ഇയാള്‍ കുട്ടികളുമായി യാത്ര ചെയ്യുന്നതെന്ന് സംശയിക്കുന്നു. കുട്ടികളെ കണ്ടെത്താനായി ജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പോലീസ്.