അമേരിക്കയിൽ താമസിക്കുന്ന വിദേശികൾക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള നിയമങ്ങളിൽ വൻ അഴിച്ചുപണിയുമായി ട്രംപ് സർക്കാർ. ഗ്രീൻ കാർഡിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദേശികൾ ഇനി മുതൽ അമേരിക്ക വിട്ട് തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങണമെന്നും അവിടെയുള്ള യു.എസ്. എംബസി വഴി മാത്രമേ അപേക്ഷിക്കാവൂ എന്നുമാണ് പുതിയ ഉത്തരവ്. പതിറ്റാണ്ടുകളായി തുടർന്നുപോന്ന ഇമിഗ്രേഷൻ രീതികൾ പൂർണ്ണമായും മാറ്റിയെഴുതുന്നതാണ് ഈ തീരുമാനം.
കഴിഞ്ഞ 50 വർഷത്തിലേറെയായി, യു.എസിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് രാജ്യം വിടാതെ തന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാമായിരുന്നു. യു.എസ്. പൗരന്മാരെ വിവാഹം കഴിച്ചവർ, വിവിധ വിസകളിൽ ജോലി ചെയ്യുന്നവർ, വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവർക്കെല്ലാം ഈ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം അത്യപൂർവ്വമായ സാഹചര്യങ്ങളിൽ ഒഴികെ മറ്റെല്ലാവരും സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകേണ്ടി വരും. താൽക്കാലിക ആവശ്യങ്ങൾക്കായി എത്തുന്നവർ കാലാവധി കഴിയുമ്പോൾ മടങ്ങണമെന്ന നിയമത്തിൻ്റെ യഥാർത്ഥ ലക്ഷ്യം നടപ്പാക്കാനാണ് ഈ മാറ്റമെന്ന് യു.എസ്. സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് വ്യക്തമാക്കി.
വർഷം തോറും ആറ് ലക്ഷത്തോളം ആളുകളാണ് അമേരിക്കയിൽ വച്ചുതന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കുന്നത്. പുതിയ മാറ്റം നിയമപരമായ ഇമിഗ്രേഷൻ പ്രക്രിയയെ കഠിനമാക്കുമെന്നും പൗരത്വത്തിലേക്കുള്ള വഴി അടയ്ക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. രാജ്യം വിട്ടുപോകുന്നവർക്ക് വിസ ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് കുടുംബങ്ങൾ തമ്മിൽ വേർപിരിയാൻ ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്.അഫ്ഗാനിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ നിലവിൽ യു.എസ്. എംബസികൾ പ്രവർത്തിക്കുന്നില്ല എന്നത് അവിടുത്തെ അപേക്ഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കും. പുതിയ നിയമം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്നോ, നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരെ ഇത് എങ്ങനെ ബാധിക്കുമെന്നോ സർക്കാർ വ്യക്തമാക്കാത്തത് വിദേശികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.