ചാൾസ് രാജാവിൻ്റെ കാനഡ സന്ദർശനം: ചിലവ് 9 ലക്ഷം ഡോളർ; ന്യായീകരിച്ച് സർക്കാർ

By: 600110 On: May 25, 2026, 10:37 AM

കഴിഞ്ഞ വർഷം നടന്ന ചാൾസ് രാജാവിൻ്റെ സന്ദർശനവുമായി ബന്ധപ്പെട്ട് കനേഡിയൻ സർക്കാർ ചെലവിട്ടത്  ഏകദേശം 9,00000 ഡോളറെന്ന് റിപ്പോർട്ട്. 2025 മെയ് മാസത്തിലായിരുന്നു ചരിത്രപരമായ ഈ സന്ദർശനം. ഉയർന്ന ചിലവിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, കാനഡയുടെ പരമാധികാരത്തിൻ്റെ ശക്തമായ പ്രതീകമായിരുന്നു ഈ സന്ദർശനമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.

രാജാവിനെയും രാജ്ഞിയെയും ഔദ്യോഗിക സംഘത്തെയും ലണ്ടനിൽ നിന്ന് എത്തിക്കുന്നതിനായി കനേഡിയൻ വ്യോമസേനയുടെ പ്രത്യേക വിമാനം അയച്ച വകയിൽ 4,10000 ഡോളർ ചിലവായി. സന്ദർശനത്തിന് മുന്നോടിയായി എത്തിയ ആറംഗ രാജകീയ സംഘത്തിന്റെ യാത്രയ്ക്കും താമസത്തിനുമായി 23,838 ഡോളർ ചിലവിട്ടു.ഓട്ടവ നഗരത്തിലെ റോഡുകൾ അടയ്ക്കുന്നതിനായി നഗരസഭയ്ക്ക് 1,46,945 ഡോളർ നൽകി. ആർ.സി.എം.പി ഒരുക്കിയ കുതിരപ്പടയ്ക്ക് 20,605 ഡോളറും, മാധ്യമങ്ങൾക്കുള്ള ഗാലറി, മറ്റ് നിർമ്മാണങ്ങൾ എന്നിവയ്ക്കായി വലിയൊരു തുകയും ചിലവായി.  

രണ്ടുദിവസം നീണ്ടുനിന്ന സന്ദർശനത്തിൽ കാനഡയുടെ കരുത്തും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു രാജാവിൻ്റെ പ്രസംഗം. കാനഡയുടെ ചരിത്രത്തിൽ മൂന്ന് തവണ മാത്രമാണ്  രാജാവ് സെനറ്റിൽ നേരിട്ടെത്തി സ്പീച്ച് ഫ്രം ദി ത്രോൺ നടത്തിയിട്ടുള്ളത്.  യു.എസ്. പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് കാനഡയുടെ പരമാധികാരത്തെ നിരന്തരം അവഹേളിക്കുന്നതിനെതിരെയുള്ള ശക്തവും പ്രതീകാത്മകവുമായൊരു മറുപടിയായാണ് ചാൾസ് മൂന്നാമൻ രാജാവിൻ്റെ സന്ദർശനത്തെ കാർണി സർക്കാർ നോക്കിക്കണ്ടത്.