കാനഡയിലെ പടിഞ്ഞാറൻ പ്രവിശ്യകളിലെ പ്രീമിയർമാരുടെ വാർഷിക യോഗം ആൽബർട്ടയിലെ കനനാസ്കിസിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി നടക്കും. വ്യാപാരം, ഊർജ്ജം, സാമ്പത്തിക വളർച്ച തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാനാണ് യോമെങ്കിലും, ആൽബർട്ടയുടെ വിഘടനാവാദം ചർച്ചയായേക്കും
ആൽബർട്ട കാനഡയുടെ ഭാഗമായി തുടരണമോ അതോ വേർപിരിയണമോ എന്ന് തീരുമാനിക്കാൻ ഒക്ടോബർ 19-ന് റഫറണ്ടം നടത്തുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ചത് പ്രവിശ്യാ നേതാക്കൾക്കിടയിൽ കടുത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. സ്മിത്തിൻ്റെ പ്രഖ്യാപനത്തിന് തൊട്ടുപിറകയാണ് പ്രീമിയർമാരുടെ യോഗം ചേരുന്നത്. അത് കൊണ്ട് പതിവിൽ കവിഞ്ഞ പ്രാധാന്യമാണ് യോഗത്തിന് കല്പിക്കപ്പെടുന്നത്. കാനഡ വിട്ടു പോകാൻ ആലോചിക്കുന്നൊരു നേതാവിൻ്റെ ആതിഥേയത്വത്തിൽ യോഗം ചേരുന്നത് വൈരുധ്യമാണെന്ന് ബ്രിട്ടീഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി പരിഹസിച്ചു. രാജ്യത്തിൻ്റെ ഒരുമയാണ് പ്രധാനം എന്ന് വ്യക്തമാക്കിയ അദ്ദേഹം, ഒരുമിച്ച് നിൽക്കുന്നതിൻ്റെ പ്രാധാന്യം ആൽബർട്ട മനസ്സിലാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
സസ്‌കാച്ചെവൻ, നോർത്ത്‌വെസ്റ്റ് ടെറിട്ടറീസ് യൂക്കോൺ എന്നീ പ്രവിശ്യകളിലെ പ്രീമിയർമാർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കനഡ പ്രധാനമന്ത്രി മാർക്ക് കാർണി ദേശീയ പ്രാധാന്യമുള്ള പദ്ധതിയായി പ്രഖ്യാപിച്ച ബിറ്റുമെൻ പൈപ്പ്‌ലൈൻ പദ്ധതിയും യോഗത്തിൽ പ്രധാന തർക്കവിഷയമാണ്. ആൽബർട്ടയിൽ നിന്ന് പടിഞ്ഞാറൻ തീരം വരെ നീളുന്ന ഈ പദ്ധതിയെ ആൽബർട്ട പിന്തുണയ്ക്കുമ്പോൾ, തങ്ങളുടെ പ്രവിശ്യയിലൂടെ ഇത് കടന്നുപോകുന്നതിനെ ബ്രിട്ടീഷ് കൊളംബിയ എതിർക്കുകയാണ്.
രാഷ്ട്രീയ ഭിന്നതകൾ നിലനിൽക്കുന്നുണ്ടെങ്കിലും, മറ്റ് നേതാക്കളുമായി സാമ്പത്തിക-പ്രതിരോധ മേഖലകളിൽ സഹകരണത്തിനാണ് ആൽബർട്ട ശ്രമിക്കുന്നത്. എങ്കിലും, ഒക്ടോബറിൽ നടക്കാനിരിക്കുന്ന വിഘടനവാദ റഫറണ്ടം കനഡയുടെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിർണ്ണായകമായിരിക്കുമെന്നാണ് വിലയിരുത്തൽ.