പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: ടെക്‌സസ്സിലെ ഹൂസ്റ്റണ്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ശനിയാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും റെക്കോര്‍ഡ് ഇടിമിന്നല്‍ രേഖപ്പെടുത്തി. പുലര്‍ച്ചെ 3 മണി മുതല്‍ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളില്‍ 56,000-ത്തിലധികം തവണയാണ് മേഘങ്ങളില്‍ നിന്ന് ഭൂമിയിലേക്ക് മിന്നലേറ്റതെന്ന് എനര്‍ജി കമ്പനിയായ സെന്റര്‍പോയിന്റ് അറിയിച്ചു.
ശക്തമായ ഇടിമിന്നലിനെ തുടര്‍ന്ന് പ്രദേശത്തെ ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഏകദേശം 1,90,000 ഉപഭോക്താക്കളെയാണ് വൈദ്യുതി തടസ്സം ബാധിച്ചത്. എന്നാല്‍ ഞായറാഴ്ച രാവിലെയായപ്പോഴേക്കും ഭൂരിഭാഗം സ്ഥലങ്ങളിലെയും തകരാറുകള്‍ പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ടെക്‌സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇടിമിന്നല്‍ ഉണ്ടാകുന്ന നഗരങ്ങളിലൊന്നാണ് ഹൂസ്റ്റണ്‍.