പി പി ചെറിയാന്‍
ന്യൂഡല്‍ഹി: കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് (അതിസൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങള്‍) മലിനീകരണത്തിനെതിരെ വാളന്‍പുളിയുടെ കുരു ഉപയോഗിച്ച് കുറഞ്ഞ ചെലവില്‍ പരിഹാരം കണ്ടെത്തിയ മൂന്ന് ഇന്ത്യന്‍ കൗമാരക്കാര്‍ക്ക് അന്താരാഷ്ട്ര അംഗീകാരം. വിവിയന്‍ ഛാവ്ഛാരിയ, അരിയാന അഗര്‍വാള്‍, അവ്യാന മേത്ത എന്നീ 16-കാരാണ് 2026-ലെ ആഗോള പരിസ്ഥിതി മത്സരമായ 'ദി അര്‍ത്ഥ് പ്രൈസ്' ന്റെ ഏഷ്യന്‍ മേഖല ജേതാക്കളായത്.
ഉപേക്ഷിക്കുന്ന പുളിങ്കുരുവില്‍ നിന്ന് ഇവര്‍ വികസിപ്പിച്ചെടുത്ത 'പ്ലാസ്-സ്റ്റിക്' എന്ന ബയോഡീഗ്രേഡബിള്‍ പൗഡര്‍ വെള്ളത്തിലിട്ടാല്‍, അത് പ്ലാസ്റ്റിക് കണങ്ങളെ ആകര്‍ഷിച്ച് ഒന്നിച്ച് ചേര്‍ക്കുന്നു. തുടര്‍ന്ന് ഒരു സാധാരണ കാന്തം ഉപയോഗിച്ച് ഇവ വെള്ളത്തില്‍ നിന്ന് എളുപ്പത്തില്‍ നീക്കം ചെയ്യാം.
ഐ.ഐ.റ്റി ഗുവാഹത്തിയുടെ സഹായത്തോടെ വികസിപ്പിച്ച ഈ സാങ്കേതികവിദ്യ ഗ്രാമീണ മേഖലകളില്‍ വൈദ്യുതിയോ വലിയ ഫില്‍ട്ടറുകളോ ഇല്ലാതെ ശുദ്ധജലം ലഭ്യമാക്കാന്‍ സഹായിക്കും. പുരസ്‌കാരത്തുകയായി ലഭിച്ച 12,500 ഡോളര്‍ (ഏകദേശം 10 ലക്ഷം രൂപ) ഉപയോഗിച്ച് പദ്ധതി കൂടുതല്‍ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ ലക്ഷ്യം.