പി പി ചെറിയാന്‍
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ഓറഞ്ച് കൗണ്ടിയിലുള്ള അസ്‌പേസ് ഫാക്ടറിയില്‍ വന്‍ കെമിക്കല്‍ ചോര്‍ച്ചയെ തുടര്‍ന്ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗാര്‍ഡന്‍ ഗ്രോവിലെ ഫാക്ടറിയിലുള്ള ടാങ്കിലെ വിഷാംശമുള്ള രാസവസ്തുവിന്റെ താപനില ഉയരുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ടാങ്ക് പൊട്ടിത്തെറിക്കാനോ വലിയ തോതില്‍ രാസവസ്തു പുറത്തേക്ക് ഒഴുകാനോ ഉള്ള സാധ്യത കണക്കിലെടുത്ത് അമ്പതിനായിരത്തിലധികം താമസക്കാരെ പ്രദേശത്തുനിന്ന് അടിയന്തിരമായി ഒഴിപ്പിച്ചു.
സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും ദുരന്തം ഒഴിവാക്കാന്‍ രാജ്യത്തെ വിദഗ്ദ്ധരുമായി ആലോചിച്ച് അടിയന്തിര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ നിരവധി സ്‌കൂളുകള്‍ അടച്ചുപൂട്ടുകയും പ്രാദേശിക പരിപാടികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ മറ്റ് സമീപ നഗരങ്ങള്‍ക്ക് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.