സമാധാനത്തിനുള്ള നൊബേല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക്

By: 600007 On: Oct 8, 2021, 3:39 PM

2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് മാധ്യപ്രവര്‍ത്തകരായ മരിയ റെസ്സയും ദിമിത്രി മുറടോവും അര്‍ഹരായി. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങള്‍ മാനിച്ചാണ് നോര്‍വീജീയന്‍ നൊബേല്‍ കമ്മിറ്റി ഫിലീപ്പീന്‍സ് വംശജയായ മരിയ റെസ്സയ്ക്കും (58) റഷ്യക്കാരന്‍ ദിമിത്രി മുറടോവിനും (59) പുരസ്‌കാരം നല്‍കിയത്.

റഷ്യന്‍ ദിനപത്രമായ നൊവായ ഗസെറ്റയുടെ എഡിറ്ററര്‍ ഇന്‍ ചീഫാണ് ദിമിത്രി മുറടോവ്. സര്‍ക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശലംഘനങ്ങള്‍ക്കുമെതിരായ റിപ്പോര്‍ട്ടുകളാല്‍ ശ്രദ്ധേയമായ പത്രമാണ് നൊവായ ഗസെറ്റ. ഫിലിപ്പീന്‍സിലെ ഓണ്‍ലൈന്‍ മാധ്യമമായ റാപ്ലറിന്റെ സി.ഇ. ഒയാണ് റെസ്സ. നേരത്തെ സി.എന്‍.എന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ റെസ്സ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരില്‍ ഫിലിപ്പീന്‍സില്‍ ആറു വര്‍ഷം ജയില്‍ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ ശിക്ഷ വിധിച്ചത്. തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Content Highlights: Maria Ressa Dmtiry Muratov wins 2021 Nobel Peace Prize