ജീമോന്‍ റാന്നി
ഹൂസ്റ്റണ്‍: ഫൊക്കാന (FOKANA) ഹൂസ്റ്റണ്‍ റീജിയന്‍ മലയാളി അസോസിയേഷന്‍ ഓഫ് സിയന്നയുടെ (MAS) സഹകരണത്തോടെ സംഘടിപ്പിച്ച ''സിനി ഫ്യൂഷന്‍ 2026'' കലാവിരുന്ന് മേയ് 16-ന് സെന്റ് ജോസഫ് ഹാളില്‍ വിപുലമായ ജനപങ്കാളിത്തത്തോടെയും കലാസ്വാദകരുടെ ആവേശകരമായ സാന്നിധ്യത്തോടെയും അരങ്ങേറി. സംഗീതവും നൃത്തവും വിനോദപരിപാടികളും സമന്വയിപ്പിച്ച പരിപാടി ഹ്യൂസ്റ്റണ്‍ മലയാളി സമൂഹത്തിന് ശ്രദ്ധേയമായ സാംസ്‌കാരിക അനുഭവമായി മാറി.
സിനി ഫ്യൂഷനോടനുബന്ധിച്ച് നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഫൊക്കാന റീജിയണല്‍ ആര്‍.വി.പി ഫാന്‍സിമോള്‍ പള്ളത്തുമഠം സ്വാഗതപ്രസംഗം നടത്തി. ഫൊക്കാന പ്രസിഡന്റ് ഡോ.സജിമോന്‍ ആന്റണി അധ്യക്ഷത വഹിച്ചു. MAS ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു. ഫൊക്കാന റീജിയണല്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ വിനോയ് കുര്യന്‍ നന്ദിപ്രസംഗം നടത്തി.
മലയാള ചലച്ചിത്ര-സംഗീത രംഗത്തെ പ്രമുഖരായ അനു സിത്താര, വിപിന്‍ സേവിയര്‍,ആര്യ ബഡായി, കൃതിക, അകില്‍ കവലയൂര്‍,രാജേഷ് അടിമാലിഎന്നിവര്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ പ്രേക്ഷകരെ ആവേശഭരിതരാക്കി. സംഗീതവും ഹാസ്യവും നൃത്തവിരുന്നും നിറഞ്ഞ വേദി കലാസ്വാദകര്‍ക്ക് മനോഹരമായ അനുഭവമായി. സിനി ഫ്യൂഷന്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുനില്‍ പാറക്കല്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ശ്രീദേവി ടീച്ചറിന്റെ നേതൃത്വത്തിലുള്ള നൂപുര സ്‌കൂള്‍ ഓഫ് ഡാന്‍സിംഗിലെ വിദ്യാര്‍ത്ഥികളുടെ നൃത്തങ്ങള്‍ പ്രോഗ്രാമിന് മികവേകി.
പരിപാടിയുടെ അവതാരകരായി ആശാ റേഡിയോയിലെ ആര്‍.ജെ സുബിനും ആര്‍.ജെ റോഷ്‌നിയും എത്തി. അവതരണ മികവിലൂടെ ഇരുവരും വേദിയെ സജീവമാക്കി.
പ്രധാന സ്‌പോണ്‍സര്‍മാരായ കെംപ്ലാസ്റ്റ് ,സൗത്ത് പാര്‍ക്ക് സെമെറ്ററി, AAA വെല്‍ത്ത് ബില്‍ഡേഴ്സ് , ഗ്രെയ്സ് സപ്ലൈ, റോയല്‍ ട്രാവല്‍ & ടൂര്‍സ്,ഫോര്‍സൈറ്റ് കണ്‍സ്ട്രക്ഷന്‍,അര്‍കോള ഡെന്റല്‍, ഗാമ്മ വേസ്റ്റ് സൊല്യൂഷന്‍സ്, ധനാനി ഗ്രൂപ്പ് എന്നിവരെ വേദിയില്‍ മെമെന്റോകള്‍ നല്‍കി ആദരിച്ചു.
ചടങ്ങില്‍ സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു , ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി സുരേന്ദ്രന്‍ പട്ടേല്‍ , ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി മുന്‍ ജഡ്ജി കെ.പി.ജോര്‍ജ് , ഫൊക്കാന മുന്‍ പ്രസിഡന്റ് ജി.കെ.പിള്ള, മുന്‍ ആര്‍.വി.പി രഞ്ജിത്ത് പിള്ള തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യവും ചടങ്ങിനെ കൂടുതല്‍ ശ്രദ്ധേയവും സ്മരണീയവുമാക്കി മാറ്റി.