കാൽഗറിയുടെ പുതിയ Poet Laureate ആയി മലയാളിയും യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ഇംഗ്ലീഷ് പ്രൊഫസറുമായ ഡോ. ക്ലാര എ. ബി. ജോസഫിനെ തിരഞ്ഞെടുത്തു. നഗരത്തിൻ്റെ കലാ-സാംസ്കാരിക അംബാസഡറായി പ്രവർത്തിക്കുന്ന ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന എട്ടാമത്തെ വ്യക്തിയാണ് ക്ലാര. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം. കാൽഗറി സിറ്റി കൗൺസിൽ യോഗത്തിൽ വെച്ചായിരുന്നു പ്രഖ്യാപനം.
നഗരത്തിലെ വിവിധ സംസ്കാരങ്ങളെയും ഭാഷകളെയും ഒന്നിപ്പിക്കാൻ ഈ പദവിയിലൂടെ ശ്രമിക്കുമെന്ന് ക്ലാര ജോസഫ് പറഞ്ഞു. ഒരു കവയിത്രി എന്നതിലുപരി മികച്ചൊരു ഗവേഷകയും അധ്യാപികയുമായ ക്ലാര ജോസഫ് ഇതിനകം തന്നെ നിരവധി കവിതാ സമാഹാരങ്ങളും ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. M/OTHER എന്ന കവിതാ സമാഹാരം യു.എസിലെയും കാനഡയിലെയും കാത്തലിക് മീഡിയ അസോസിയേഷന്റെ പ്രഥമ പുരസ്കാരത്തിന് അർഹമായിരുന്നു. ഇന്ത്യയിലെ വിശുദ്ധ തോമാസ്ലീഹായുടെ അനുയായികളായ ക്രൈസ്തവരുടെ ചരിത്രത്തെയും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളെയും കുറിച്ച് അവർ എഴുതിയ പുസ്തകങ്ങളും ഏറെ ശ്രദ്ധേയമാണ്.
പുതിയ പദവിയുടെ ഭാഗമായി കാൽഗറിയിലെ സ്കൂളുകൾ, ലൈബ്രറികൾ, മറ്റ് കമ്മ്യൂണിറ്റി കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ച് കവിതയെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനായി ഡോ. ക്ലാര പ്രവർത്തിക്കുമെന്ന് മേയർ ജെറമി ഫർകാസ് വ്യക്തമാക്കി .