കനേഡിയൻ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ലഗേജ് ടാഗ് ക്രമക്കേട്: ചതിക്കുഴിയിലായി നിരപരാധികളായ യാത്രക്കാർ

By: 600110 On: May 23, 2026, 11:30 AM

രാജ്യത്തെ  പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ആഗോള മയക്കുമരുന്ന് കടത്ത് സംഘങ്ങൾ നടത്തുന്ന Bag-tag switching തട്ടിപ്പിൻ്റെ വിവരങ്ങൾ പുറത്ത്. വിമാനത്താവളങ്ങളിലെ ചില ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാരുടെ ഒത്താശയോടെയാണ് ഈ സംഘടിത കുറ്റകൃത്യം നടത്തുന്നത്.

സാധാരണക്കാരായ യാത്രക്കാർ ചെക്ക്-ഇൻ കൗണ്ടറുകളിൽ ഏൽപ്പിക്കുന്ന ലഗേജുകളിലെ ബാർകോഡ് ടാഗുകൾ, വിമാനത്താവളത്തിനുള്ളിലെ സുരക്ഷാസംവിധാനങ്ങളെ വെട്ടിച്ച് ജീവനക്കാർ മാറ്റിയടിക്കുന്നതാണ് ഇവരുടെ രീതി. നിയമവിധേയമായ ഈ ടാഗുകൾ പിന്നീട് മയക്കുമരുന്ന് ഒളിപ്പിച്ച സമാനമായ മറ്റ് പെട്ടികളിൽ പതിപ്പിക്കുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മയക്കുമരുന്ന് അടങ്ങിയ പെട്ടികൾ വിമാനത്താവളത്തിന് പുറത്തുള്ള ക്രിമിനൽ സംഘങ്ങൾ കൈക്കലാക്കും. എന്നാൽ, പരിശോധനയ്ക്കിടയിൽ ഈ നിരോധിത വസ്തുക്കൾ പിടിക്കപ്പെടുകയാണെങ്കിൽ, ടാഗിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിമാനത്തിൽ യാത്ര ചെയ്യുന്ന തികച്ചും നിരപരാധികളായ യാത്രക്കാർ കുറ്റവാളികളാവുകയും അറസ്റ്റിലാവുകയും ചെയ്യുന്നു.

കഴിഞ്ഞ കുറച്ചുകാലമായി കാനഡയിൽ നിന്നും വിദേശങ്ങളിലേക്ക് യാത്ര ചെയ്ത പതിനേഴോളം കനേഡിയൻ പൗരന്മാരാണ് ഈ ചതിക്കുഴിയിൽ പെട്ട് വിവിധ രാജ്യങ്ങളിൽ തടവിലാക്കപ്പെട്ടത്. ഡൊമിനിക്കൻ റിപ്പബ്ലിക്, ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത നിയമനടപടികൾ നേരിട്ട ഈ യാത്രക്കാർ, വിമാനത്താവളങ്ങളിലെ വിപുലമായ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ ഫോറൻസിക് തെളിവുകളും പരിശോധിച്ച ശേഷമാണ് നിരപരാധികളാണെന്ന് കണ്ട് കുറ്റവിമുക്തരാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ടൊറൻ്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആറോളം താൽക്കാലിക ജീവനക്കാരെ RCMP അറസ്റ്റ് ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

യാത്രക്കാർ തങ്ങളുടെ ലഗേജുകൾ കൈമാറുന്നതിന് മുൻപ് അവയുടെ ചിത്രങ്ങളും കൃത്യമായ ഭാരവും ഫോണിൽ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും, സുരക്ഷാ പരിശോധനകളിൽ ജാഗ്രത പുലർത്തണമെന്നും കനേഡിയൻ എയർപോർട്ട് അതോറിറ്റിയും അതിർത്തി സുരക്ഷാ ഏജൻസിയും സംയുക്തമായി പുറപ്പെടുവിച്ച വാർത്താക്കുറിപ്പിൽ കർശന നിർദ്ദേശം നൽകി.