കാനഡയിലെ എഡ്മൻ്റണിൽ നിന്നും യുവാവിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കാൽഗറിയിലെത്തിച്ച് പണം ആവശ്യപ്പെട്ട സംഭവത്തിൽ മുഖ്യസൂത്രധാരനെ പോലീസ് അറസ്റ്റ് ചെയ്തു. കാൽഗറി സ്വദേശിയായ 29-കാരൻ ഗഗൻദീപ് സിംഗിനെയാണ് കനേഡിയൻ പോലീസ് പിടികൂടിയത്. ഇതോടെ ഈ അക്രമസംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി.
ദക്ഷിണേഷ്യൻ ബിസിനസ്സുകാരെയും പ്രമുഖരെയും ലക്ഷ്യമിട്ട് അൽബർട്ടയിൽ നടന്നുവരുന്ന ഭീഷണിപ്പെടുത്തലിന്റെയും പണപ്പിരിവിന്റെയും ഭാഗമായാണ് തട്ടികൊണ്ടു പോകൽ നടന്നത്. എഡ്മന്റണിലെ വസതിയിൽ നിന്നും നാലംഗ സംഘം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരയെ, കാൽഗറിയിലെ ഒരു പ്രവാസിയുടെ വീട്ടിൽ നിന്നും പണം ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അക്രമികളുടെ ഭീഷണിക്ക് വഴങ്ങാതെ പ്രവാസി കുടുംബം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കാൽഗറി പോലീസ് സർവീസും എഡ്മൻ്റൺ പോലീസും സംയുക്തമായി നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. കേസിൽ ഉൾപ്പെട്ട ആകാശ്ദീപ് സിംഗ് (18), തരുൺവീർ സിംഗ് (24), പർദീപ് സിംഗ് (24), ദക്ഷ് ഗൗതം (25) എന്നിവരെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ പ്രതികൾക്കെതിരെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോകൽ, നിയമവിരുദ്ധമായി തടങ്കലിൽ വെയ്ക്കൽ, കവർച്ചാശ്രമം, മാരകായുധങ്ങൾ കൈവശം വെയ്ക്കൽ തുടങ്ങി കടുത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കാൽഗറിയിൽ മാത്രം ഇത്തരത്തിലുള്ള നാൽപ്പതിലധികം പണം തട്ടിയെടുക്കൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇത്തരം മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് പോലീസ് വക്താവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.