ബ്രിട്ടീഷ് കൊളംബിയയിൽ 652 സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ കേസിൽ സാനിച്ച് സ്വദേശിയായ 39-കാരൻ യിൻ യെങ് ഡെെറക് ചാൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കാനഡയുടെ ചരിത്രത്തിൽ ഇന്നേവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വൊയറിസം കേസാണിതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കടൽത്തീരങ്ങൾ, വസ്ത്രം മാറുന്ന മുറികൾ എന്നിവടങ്ങളിൽ വച്ചും സ്വകാര്യ വീടുകളുടെ ജനലുകളിലൂടെയുമാണ് പ്രതി ഇരകളുടെ ചിത്രങ്ങളും 28 മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോകളും പകർത്തിയത്. തുടർന്ന് ഈ ദൃശ്യങ്ങൾ ഇയാൾ ഇന്റർനെറ്റിലൂടെ വലിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതിക്ക് കോടതി നാലര വർഷത്തെ തടവുശിക്ഷ വിധിച്ചു.
2017 മുതൽ 2023 വരെയുള്ള കാലയളവിലാണ് പ്രതി വ്യാപകമായി ഈ ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത്. 2024 ജനുവരിയിൽ ചില വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ദൃശ്യങ്ങൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സാനിച്ച് പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചത്. വൊയറിസം, ചൈൽഡ് പോണോഗ്രഫി നിർമ്മാണം, ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയ 12 ഓളം കുറ്റങ്ങൾ പ്രതി കോടതിയിൽ സമ്മതിച്ചു. മുൻപും സമാനമായ കുറ്റകൃത്യത്തിന് പിടിയിലായിട്ടുള്ള ഇയാളെ ശിക്ഷാ കാലാവധിക്ക് ശേഷം 20 വർഷത്തേക്ക് ലൈംഗിക കുറ്റവാളികളുടെ ദേശീയ രജിസ്ട്രിയിൽ ഉൾപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ദൃശ്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്യാനുള്ള ഡിജിറ്റൽ ഫോറൻസിക് ശ്രമങ്ങൾ പോലീസ് ഇപ്പോഴും തുടരുകയാണ്.