പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: 2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ക്ക് ഹൂസ്റ്റണ്‍ ആതിഥേയത്വം വഹിക്കാന്‍ 23 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വന്‍ ജനത്തിരക്കും ചുഴലിക്കാറ്റ്, എബോള വൈറസ് ബാധ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ഹാരിസ് കൗണ്ടി ഭരണകൂടം വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തുന്നു.
സുരക്ഷാ ഭീഷണികളും കനത്ത ചെലവും കാരണം ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ തുടങ്ങിയ പല യു.എസ് നഗരങ്ങളും തങ്ങളുടെ ഔദ്യോഗിക 'ഫാന്‍ ഫെസ്റ്റ്' (ആരാധക കൂട്ടായ്മകള്‍) ചുരുക്കുമ്പോള്‍, ഹൂസ്റ്റണ്‍ ശക്തമായ സുരക്ഷയോടെ മുഴുവന്‍ സമയവും ഫാന്‍ ഫെസ്റ്റ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സുരക്ഷയ്ക്കായി സ്റ്റേഡിയത്തിന് സമാനമായ സംവിധാനങ്ങളും കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ കൂളിംഗ് സെന്ററുകളും ഒരുക്കും.
ലോകകപ്പ് സമയത്ത് ചുഴലിക്കാറ്റ് പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടാനുള്ള മോക്ക് ഡ്രില്ലുകളും അധികൃതര്‍ നടത്തിക്കഴിഞ്ഞു. ആഗോള യാത്രാ പശ്ചാത്തലത്തില്‍ എബോള വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നുണ്ടെങ്കിലും, ആരോഗ്യ വിദഗ്ദ്ധരുമായി ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാല്‍ഗോ വ്യക്തമാക്കി. ജൂണ്‍ 14-നാണ് ഹൂസ്റ്റണിലെ ആദ്യ ലോകകപ്പ് മത്സരം.