പി പി ചെറിയാന്‍
കൊപ്പേല്‍/ടെക്‌സാസ്: ബാസ്‌കറ്റ്ബോള്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ കൂട്ടുകാരന്റെ ജീവന്‍ പ്രഥമശുശ്രൂഷയിലൂടെ രക്ഷിച്ച് പതിമൂന്നുകാരന്‍ ഹീറോയായി. നോര്‍ത്ത് ടെക്‌സാസിലെ കൊപ്പേല്‍ സ്വദേശിയായ ജേസ് ഗൈല്‍സ് എന്ന കൗമാരക്കാരനാണ് കൂട്ടുകാരന്‍ നാസിര്‍ ബ്രോബിയുടെ ജീവന്‍ കാത്തത്.
നാസിര്‍ പെട്ടെന്ന് ബോധരഹിതനായി വീണപ്പോള്‍, ഒട്ടും സമയം കളയാതെ ജേസ് സി.പി.ആര്‍ (നെഞ്ചില്‍ അമര്‍ത്തി ശ്വാസം നല്‍കുന്ന രീതി) നല്‍കാന്‍ ആരംഭിച്ചു. തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തുന്നതുവരെ ഇത് തുടര്‍ന്നു. ജേസിന്റെ ഈ സമയോചിതമായ ഇടപെടലാണ് നാസിറിന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജന്മനായുള്ള ഹൃദയസംബന്ധമായ തകരാറാണ് നാസിര്‍ കുഴഞ്ഞുവീഴാന്‍ കാരണമായത്.
ധീരമായ ഈ രക്ഷാപ്രവര്‍ത്തനത്തെ തുടര്‍ന്ന് ജേസ് ഗൈല്‍സിനും, ഒപ്പമുണ്ടായിരുന്ന അഗ്‌നിശമന സേനാംഗങ്ങള്‍ക്കും അധികൃതര്‍ വെള്ളിയാഴ്ച 'സിറ്റിസണ്‍സ് ലൈഫ് സേവിംഗ് അവാര്‍ഡ്' നല്‍കി ആദരിച്ചു. സുഹൃത്ത് പൂര്‍ണ്ണ ആരോഗ്യവാനായി കളിസ്ഥലത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ജേസ്.