കാലിഫോര്‍ണിയയില്‍ രാസ സ്‌ഫോടന ഭീഷണി: 40,000 പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദ്ദേശം

By: 600002 On: May 23, 2026, 8:50 AM



പി പി ചെറിയാന്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയയിലുള്ള ഓറഞ്ച് കൗണ്ടിയില്‍ വന്‍ രാസ സ്‌ഫോടന ഭീഷണിയെത്തുടര്‍ന്ന് നാല്‍പ്പതിനായിരത്തോളം ആളുകളോട് അടിയന്തിരമായി ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

ഗാര്‍ഡന്‍ ഗ്രോവിലെ ഒരു എയ്റോസ്പേസ് നിര്‍മ്മാണ ശാലയിലെ കൂറ്റന്‍ ടാങ്കില്‍ സൂക്ഷിച്ചിരിക്കുന്ന 'മെഥില്‍ മെതാക്രിലേറ്റ്'  എന്ന വിഷലിപ്തമായ രാസവസ്തുവിന്റെ വാല്‍വുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണം. ഈ ടാങ്ക് പൊട്ടിത്തെറിക്കാതിരിക്കാന്‍ രാജ്യത്തെ പ്രമുഖ വിദഗ്ധര്‍ ശ്രമിച്ചുവരികയാണ്. നിലവില്‍ ടാങ്കിന് മുകളിലേക്ക് തുടര്‍ച്ചയായി വെള്ളം സ്‌പ്രേ ചെയ്ത് താപനില നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

തീപിടിക്കാന്‍ സാധ്യതയുള്ളതും ശ്വസിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതുമായ കെമിക്കലാണിത്. നിലവില്‍ ആര്‍ക്കും പരിക്കുകളോ വായു മലിനീകരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കടുത്ത ജാഗ്രതയിലാണ് അധികൃതര്‍.