കാനഡയിൽ ഹിമപാതത്തിൽപ്പെട്ട് അപകടം: ഗ്ലേസിയർ ഗർത്തത്തിൽ വീണ് യുവാവ് മരിച്ചു

By: 600110 On: May 23, 2026, 7:57 AM

കാനഡയിലെ പ്രശസ്തമായ കൊളംബിയ ഐസ് ഫീൽഡിൽ മഞ്ഞുമലയിലെ ആഴമേറിയ വിള്ളലിലേക്ക്  വീണ് 38-കാരനായ യുവാവ് മരിച്ചു. ചെക്ക് റിപ്പബ്ലിക് സ്വദേശിയും നിലവിൽ ബ്രിട്ടീഷ് കൊളംബിയയിലെ റെവൽസ്റ്റോക്കിൽ താമസക്കാരനുമായ യുവാവാണ് അപകടത്തിൽപ്പെട്ടത്. 2026 മെയ് 12-നായിരുന്നു സംഭവം എന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്  സ്ഥിരീകരിച്ചു.

മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം സ്നോബോർഡിംഗ് നടത്തുന്നതിനിടയിലാണ് യുവാവ് അപകടത്തിൽപ്പെട്ടത്. സുഹൃത്തുക്കൾ ഉടൻ തന്നെ അടിയന്തര വിഭാഗത്തെ വിവരമറിയിച്ചെങ്കിലും, പ്രദേശം അതീവ അപകടം നിറഞ്ഞതായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. അപകടം നടന്ന സ്ഥലം വളരെ ഒറ്റപ്പെട്ടതും ദുർഘടവുമായതിനാലും, മഞ്ഞുപാളികൾ ഇടിയാനുള്ള സാധ്യതയുള്ളതിനാലും മൃതദേഹം ഉടൻ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. പ്രത്യേക പരിശീലനം ലഭിച്ച രക്ഷാപ്രവർത്തകർ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന് പോലീസ് അറിയിച്ചു. 

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ഹിമമേഖലകളിലൊന്നായ കൊളംബിയ ഐസ് ഫീൽഡ് കാണാൻ പ്രതിവർഷം പതിനായിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്താറുള്ളത്. ആൽബർട്ടയിലെ ജാസ്പറിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. കാഴ്ചയിൽ അതീവ മനോഹരമാണെങ്കിലും, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയും മഞ്ഞിനടിയിൽ ഒളിച്ചിരിക്കുന്ന വലിയ ഗർത്തങ്ങളും ഇവിടുത്തെ യാത്രാസാധ്യതകളെ അപകടകരമാക്കുന്നു. മുൻപും നിരവധി വാഹന അപകടങ്ങൾക്കും വീഴ്ചകൾക്കും ഈ മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സാഹസിക കായികവിനോദങ്ങളിൽ ഏർപ്പെടുന്ന പരിചയസമ്പന്നരായ ആളുകൾക്ക് പോലും ഗ്ലേസിയർ മേഖലകൾ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. അടയാളപ്പെടുത്തിയ പാതകൾക്ക് പുറത്തേക്ക് പോകരുതെന്നും, മഞ്ഞുപാളികൾക്കിടയിലെ മറഞ്ഞിരിക്കുന്ന വിള്ളലുകളെക്കുറിച്ച് അതീവ ജാഗ്രത പാലിക്കണമെന്നും പാർക്ക് അധികൃതർ സന്ദർശകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.