പ്രതിരോധ കാര്യങ്ങളിൽ കാനഡയ്ക്ക് വീഴ്ച: അതൃപ്തിയുമായി അമേരിക്ക

By: 600110 On: May 23, 2026, 7:53 AM

 

പ്രതിരോധ മേഖലയിൽ ആവശ്യത്തിന് പണം ചെലവഴിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കാനഡയ്‌ക്കെതിരെ കടുത്ത അതൃപ്തി പ്രകടമാക്കി അമേരിക്ക. വൻകരയുടെ സുരക്ഷയിൽ കാനഡ ഇപ്പോഴും വിശ്വസിക്കാവുന്ന ഒരു പങ്കാളിയാണെന്ന്  തെളിയിക്കാൻ കാനഡയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് യു.എസ് ആരോപിച്ചു. പുതിയ യുദ്ധവിമാനങ്ങൾ വാങ്ങാൻ വൈകുന്നതും, നാറ്റോ സഖ്യം മുന്നോട്ടുവെച്ച പ്രതിരോധ ലക്ഷ്യങ്ങൾ കൈവരിക്കാത്തതുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാക്കിയത്.
 
തർക്കങ്ങളെത്തുടർന്ന്, 1940 മുതൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള പ്രധാന പ്രതിരോധ സഹകരണ സമിതിയായ 'പെർമനന്റ് ജോയിന്റ് ബോർഡ് ഓൺ ഡിഫൻസ്' അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. എന്നാൽ  NORAD വഴിയുള്ള സംയുക്ത സൈനിക നീക്കങ്ങളും സഹകരണവും പതിവുപോലെ തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി.വടക്കൻ മേഖലയുടെ സുരക്ഷയ്ക്ക് എഫ്-35 വിമാനങ്ങൾ അത്യാവശ്യമാണെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ 2025-ൽ മാർക്ക് കാർണി കാനഡയിൽ അധികാരമേറ്റ ശേഷം ഈ കരാറിന്മേൽ പ്രഖ്യാപിച്ച പുനപ്പരിശോധന അനന്തമായി നീളുകയാണ്. ഇതിനിടെ സ്വീഡൻ്റെ 'സാബ് ഗ്രിപ്പൻ' വിമാനങ്ങൾ വാങ്ങാൻ കാനഡ താല്പര്യം കാണിച്ചതും അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്.  

കാനഡ അടുത്തിടെയാണ് തങ്ങളുടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.1% ശതമാനമാക്കിയത്. എന്നാൽ മാറിയ സാഹചര്യത്തിൽ ഇത് 3.5% ആയി ഉയർത്തണമെന്ന് നാറ്റോ സഖ്യകക്ഷികൾ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. എന്നാൽ 2035-ഓടെ ഈ ലക്ഷ്യത്തിൽ എങ്ങനെ എത്തും എന്നതിനെക്കുറിച്ച് കാനഡയ്ക്ക് ഒരു പദ്ധതിയുമില്ലെന്നാണ് അമേരിക്കയുടെ പ്രധാന ആക്ഷേപം. പ്രതിരോധ ചെലവ് നാറ്റോ നിർദ്ദേശിച്ചതുപോലെ ഉയർത്തണമെങ്കിൽ കാനഡയ്ക്ക് അടുത്ത പത്ത് വർഷത്തേക്ക് എല്ലാ വർഷവും 33.5 ബില്യൺ ഡോളർ അധികമായി കണ്ടെത്തേണ്ടി വരും. ഇത്രയും വലിയ തുക എവിടെനിന്ന് കണ്ടെത്തുമെന്ന് വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സാമ്പത്തിക പ്ലാൻ പോലുമില്ലാത്ത കാനഡയുടെ ഈ നടപടി ന്യായീകരിക്കാനാവാത്തതാണെന്ന് മുൻ ബജറ്റ് ഓഫീസർ കെവിൻ പേജ് കുറ്റപ്പെടുത്തി. എന്നാൽ, ഇത്രയും വർഷം മുൻകൂട്ടി ബജറ്റ് തുക പ്രഖ്യാപിക്കുന്നത് പ്രായോഗികമല്ലെന്നും ലഭ്യമായ പണം ബുദ്ധിപൂർവ്വം ചെലവഴിക്കാനാണ് നോക്കുന്നതെന്നും പ്രധാനമന്ത്രി മാർക്ക് കാർണി മറുപടി നൽകി.