സർക്കാരിൻ്റെ ദേശീയ ദന്തചികിത്സാ പദ്ധതിയായ കനേഡിയൻ ഡെൻ്റൽ കെയർ പ്ലാനിൻ്റെ (CDCP) ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിന് നിലവിലെ ഗുണഭോക്താക്കൾ ജൂൺ ഒന്നിനകം അപേക്ഷകൾ പുതുക്കണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. റീ-അറ്റസ്റ്റേഷൻ' നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് ഹെൽത്ത് കാനഡയുടെ ഈ അടിയന്തര അറിയിപ്പ്. പ്രഖ്യാപിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ ഇൻഷുറൻസ് പരിരക്ഷ ജൂൺ 30-ഓടെ റദ്ദാക്കപ്പെടുന്നതായിരിക്കും.
ജൂൺ ഒന്നിന് ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ അന്തിമ തീരുമാനമുണ്ടാകാൻ കാലതാമസമെടുക്കുമെന്നതിനാൽ, ഈ ഇടവേളയിൽ നടത്തുന്ന ദന്തചികിത്സാ ചെലവുകൾക്ക് സർക്കാർ ധനസഹായം ലഭിക്കില്ലെന്നും ആ തുക ഗുണഭോക്താക്കൾ സ്വന്തമായി വഹിക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. പദ്ധതി പുതുക്കുന്നതിനായി അപേക്ഷകർ തങ്ങളുടെ 2025-ലെ ആദായനികുതി റിട്ടേൺ സമർപ്പിച്ചിരിക്കണമെന്നും കാനഡ റവന്യൂ ഏജൻസിയുടെ നോട്ടീസ് ഓഫ് അസസ്‌മെൻ്റ് കൈപ്പറ്റിയിരിക്കണമെന്നും നിബന്ധനയുണ്ട്. കൂടാതെ, കുടുംബത്തിന്റെ വാർഷിക അറ്റവരുമാനം 90,000 ഡോളറിൽ താഴെയാണെന്നും മറ്റ് സ്വകാര്യ ഇൻഷുറൻസ് പരിരക്ഷകൾ ലഭ്യമല്ലെന്നും ഗുണഭോക്താക്കൾ വീണ്ടും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.
'മൈ സർവീസ് കാനഡ അക്കൗണ്ട്' (MSCA) ഓൺലൈൻ പോർട്ടൽ വഴിയോ ടോൾ ഫ്രീ ടെലിഫോൺ സംവിധാനം വഴിയോ ഗുണഭോക്താക്കൾക്ക് ലളിതമായി പുതുക്കൽ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. നിലവിലെ കവറേജിൽ വിടവ് ഉണ്ടാകുന്നത് ഒഴിവാക്കാനും ആനുകൂല്യങ്ങൾ സുഗമമായി തുടരാനും അർഹരായ മുഴുവൻ കനേഡിയൻ പൗരന്മാരും നിശ്ചിത സമയത്തിനകം തന്നെ റീ-അറ്റസ്റ്റേഷൻ പൂർത്തിയാക്കണമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.