ആൽബർട്ട കാനഡയിൽ നിന്ന് വേർപിരിയുന്നതിനെതിരെ പ്രചാരണം നടത്തുമെന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയ്‌ലിവ്റെ. ഇതുമായി ബന്ധപ്പെട്ട് ഭാവിയിൽ പൊതുജനാഭിപ്രായ വോട്ടെടുപ്പ് ഉണ്ടായാൽ, പ്രവിശ്യ കാനഡയുടെ ഭാഗമായിത്തന്നെ നിലനിർത്താൻ താനും തൻ്റെ പാർട്ടിയിലെ മുഴുവൻ ജനപ്രതിനിധികളും ശക്തമായി രംഗത്തിറങ്ങുമെന്നും പിയറി പൊയ്‌ലിവ്റെ വ്യക്തമാക്കി.
താനൊരു ഉറച്ച കനേഡിയൻ ഫെഡറലിസ്റ്റാണെന്നും ഐക്യമുള്ള കാനഡയ്ക്കുള്ളിൽ ശക്തമായ ആൽബെർട്ടയാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സമാനമായ രീതിയിൽ ക്യൂബെക്ക് പ്രവിശ്യയിലും വിഘടനവാദ നീക്കങ്ങൾ ഉണ്ടായാൽ രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കായി കൺസർവേറ്റീവുകൾ നിലകൊള്ളുമെന്നും, രാജ്യം ഒരുമിപ്പിച്ചു നിർത്തേണ്ടത് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന ഒക്ടോബറിലെ പൊതുവോട്ടെടുപ്പിൽ കാനഡയിലെ ആൽബെർട്ടയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്താൻ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ഫെഡറൽ നേതാവിന്റെ ഈ നിർണായക പ്രതികരണം.
നിലവിലെ ലിബറൽ സർക്ന്റെകാരിൻ്റെ നയങ്ങളാണ് ആൽബെർട്ടയിൽ വിഘടനവാദ ചിന്തകൾ ശക്തമാകാൻ കാരണമെന്ന് പൊയ്‌ലിവ്റെ കുറ്റപ്പെടുത്തി. ആൽബെർട്ടയിലെ വിഘടനവാദ വികാരം ഇല്ലാതാക്കാൻ പ്രകൃതിവിഭവങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കാനും ചെറുകിട വ്യവസായങ്ങൾക്കായുള്ള തടസ്സങ്ങൾ ഒഴിവാക്കാനും പ്രധാനമന്ത്രി മാർക്ക് കാർണി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിൻ്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി സർക്കാർ ഒക്ടോബർ 19-ന് ഒരു റഫറണ്ടം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ആൽബെർട്ട കാനഡ വിടണമോ എന്നതിനെക്കുറിച്ച് ഭാവിയിൽ ഒരു നിയമപരമായ വോട്ടെടുപ്പ് ആവശ്യമാണോ എന്ന് ജനങ്ങളോട് ചോദിക്കുന്ന ഒന്നായിരിക്കും ഇത്. രാജ്യം ഭിന്നിക്കുന്നതിലേക്ക് നയിക്കുന്ന ഇത്തരം രാഷ്ട്രീയ നീക്കങ്ങൾ വലിയ ആശയക്കുഴപ്പങ്ങൾക്കും തർക്കങ്ങൾക്കും കാരണമാകുമെന്നും, വിഘടനവാദികളെ പരാജയപ്പെടുത്താൻ തങ്ങൾ ജനങ്ങളെ സജ്ജരാക്കുമെന്നും പ്രതിപക്ഷ പാർട്ടികളും വ്യക്തമാക്കിയിട്ടുണ്ട്.