കാനഡയിൽ നിന്ന് വേർപിരിയൽ: ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്

By: 600110 On: May 22, 2026, 1:55 PM

 ഈ വിഷയത്തിൽ ഒരു വോട്ടെടുപ്പ് നടത്തി ആൽബർട്ടയിലെ ജനങ്ങളുടെ താല്പര്യം എന്തെന്ന് മനസ്സിലാക്കി മുന്നോട്ട് പോകേണ്ട സമയമാണിതെന്ന് ഡാനിയേൽ സ്മിത്ത് തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. എന്നാൽ ആൽബെർട്ട കാനഡയിൽ തന്നെ തുടരുന്നതിന് അനുകൂലമായി വോട്ട് ചെയ്യാനാണ് താൻ വ്യക്തിപരമായി ഉദ്ദേശിക്കുന്നതെന്നും പ്രീമിയർ കൂട്ടിച്ചേർത്തു.

 കാനഡയിൽ നിന്ന് വേർപിരിയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ‘സ്റ്റേ ഫ്രീ അൽബെർട്ട’ ഹർജി കോടതി റദ്ദാക്കിയിരുന്നു. ആദിമ നിവാസികളായ 'ഫസ്റ്റ് നേഷൻസ്' സമൂഹങ്ങളുമായി ചർച്ച നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ, കോടതിയുടെ ഈ തീരുമാനം ജനങ്ങളുടെ ജനാധിപത്യ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രീമിയർ പറഞ്ഞു.

കോടതി ഉത്തരവ് നിലനിൽക്കുന്നതുകൊണ്ട് നിയമപരമായ മറ്റ് തടസ്സങ്ങളുണ്ട്. അതുകൊണ്ട്, ഈ വർഷം തന്നെ ജനങ്ങളുടെ അഭിപ്രായം അറിയാൻ റഫറണ്ടത്തിൽ ഈ പുതിയ ചോദ്യം ഉൾപ്പെടുത്തുകയല്ലാതെ വേറെ വഴിയില്ലെന്ന് സ്മിത്ത് വ്യക്തമാക്കി. "ഈ ചോദ്യം ചോദിക്കുന്നത് കൊണ്ട് മാത്രം പ്രവിശ്യ നേരിട്ട് കാനഡയിൽ നിന്ന് വേർപിരിയുന്നില്ല. അതുകൊണ്ട് കോടതി ഉത്തരവ് ഇതിന് തടസ്സമാകില്ല," എന്നും അവർ പറഞ്ഞു.