മരുന്ന് നല്‍കാന്‍ സിര കണ്ടെത്താനായില്ല; യുഎസില്‍ പ്രതിയുടെ വധശിക്ഷ തടഞ്ഞു, ഒരു വര്‍ഷത്തേക്ക് ഇളവ്

By: 600002 On: May 22, 2026, 8:57 AM



 

പി പി ചെറിയാന്‍

ടെന്നസി: അമേരിക്കയിലെ ടെന്നസിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശരീരത്തില്‍ മരുന്ന് കുത്തിവെക്കാനുള്ള സിര (Vein) കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. പ്രതിയായ ടോണി കറൂത്തേഴ്‌സിന് ടെന്നസി ഗവര്‍ണര്‍ ബില്‍ ലീ ഒരു വര്‍ഷത്തെ താല്കാലിക ഇളവ് അനുവദിച്ചു.

വധശിക്ഷയ്ക്കുള്ള പ്രാഥമിക ഐവി ലൈന്‍ സ്ഥാപിച്ചെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ബാക്കപ്പ് ലൈന്‍ സ്ഥാപിക്കാന്‍ മെഡിക്കല്‍ സംഘത്തിന് കഴിഞ്ഞില്ല. പലതവണ ശ്രമിച്ചിട്ടും രണ്ടാമതൊരു സിര കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ശിക്ഷാ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

1994-ല്‍ മൂന്ന് പേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 1996-ലാണ് ടോണി കറൂത്തേഴ്‌സിന് വധശിക്ഷ വിധിക്കുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് കറൂത്തേഴ്‌സ് ഇപ്പോഴും വാദിക്കുന്നത്.

കാലാവധി കഴിഞ്ഞ മരുന്നുകളാണ് വധശിക്ഷയ്ക്കായി സംസ്ഥാനം ഉപയോഗിക്കുന്നതെന്ന് പ്രതിയുടെ അഭിഭാഷകര്‍ ആരോപിച്ചിരുന്നു. കൂടാതെ, വധശിക്ഷയ്ക്കുള്ള മരുന്നുകള്‍ കൃത്യമായി പരിശോധിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ടെന്നസിയില്‍ മുന്‍പ് മൂന്ന് വര്‍ഷത്തേക്ക് വധശിക്ഷകള്‍ നിര്‍ത്തിവെച്ചിരുന്നു.

ശരീരത്തില്‍ സൂചി കുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കറൂത്തേഴ്‌സിനെ നിലവില്‍ മെഡിക്കല്‍ പരിശോധനയ്ക്കായി മാറ്റിയിരിക്കുകയാണ്. ഈ വര്‍ഷം ടെന്നസിയില്‍ നടപ്പാക്കാനിരുന്ന ആദ്യ വധശിക്ഷയായിരുന്നു ഇത്.