പോലീസ് ഓഫീസര്‍ ചമഞ്ഞു വ്യാജ പോലീസ് വാഹനത്തില്‍ സഞ്ചരിച്ച പ്രതി അറസ്റ്റില്‍

By: 600002 On: May 22, 2026, 8:48 AM



 

പി പി ചെറിയാന്‍

ഹംബിള്‍: ടെക്‌സസിലെ ഹംബിളില്‍ പോലീസ് വാഹനം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള സ്റ്റിക്കറുകള്‍ പതിച്ച കാറുമായി നടക്കുകയും, പോലീസ് ഓഫീസറാണെന്ന് വ്യാജേന പെരുമാറുകയും ചെയ്ത 39-കാരന്‍ അറസ്റ്റില്‍. എല്‍ സാല്‍വദോര്‍ സ്വദേശിയായ ജുവാന്‍ ക്രൂസ് ഗാര്‍സിയ എന്നയാളാണ് ഹംബിള്‍ പോലീസിന്റെ പിടിയിലായത്.

ഈസ്റ്റെക്‌സ് ഫ്രീവേയിലെ ട്രാഫിക് സിഗ്‌നലില്‍ വെച്ചാണ് മുന്‍പിലും പുറകിലും 'പോലീസ്' എന്നും വശങ്ങളില്‍ 'ഫെഡറല്‍ പാസ്റ്റര്‍ ജുവാന്‍ ക്രൂസ്' എന്നും എഴുതിയ ടൊയോട്ട കാംറി കാര്‍ പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തപ്പോള്‍ താന്‍ ഒരു പോലീസ് ഓഫീസറാണെന്ന് ഇയാള്‍ അവകാശപ്പെടുകയായിരുന്നു. ഒപ്പം 'ഡിറ്റക്റ്റീവ് പോലീസ് ഓഫീസര്‍ ന്യൂയോര്‍ക്ക്' എന്ന് രേഖപ്പെടുത്തിയ വ്യാജ തിരിച്ചറിയല്‍ രേഖയും ഇയാള്‍ പോലീസിന് കൈമാറി. എന്നാല്‍ പിന്നീട് താന്‍ പള്ളിയിലെ ഒരു പോലീസ് ഓഫീസറാണെന്നാണ് ഇയാള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പൊതുപ്രവര്‍ത്തകനായി വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മേല്‍ നിലവില്‍ ഇമിഗ്രേഷന്‍ ഹോള്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്.