യുഎസ് സര്‍ജന്‍ ജനറല്‍ സ്ഥാനാര്‍ത്ഥി നിക്കോള്‍ സഫിയര്‍ നികുതി വെട്ടിപ്പ് വിവാദത്തില്‍; 'വ്യാജ കര്‍ഷക'യെന്ന് ആക്ഷേപം

By: 600002 On: May 22, 2026, 8:39 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ഡൊണാള്‍ഡ് ട്രംപിന്റെ സര്‍ജന്‍ ജനറല്‍ സ്ഥാനാര്‍ത്ഥിയായ ഡോ. നിക്കോള്‍ സഫിയര്‍ കര്‍ഷകര്‍ക്കായുള്ള സര്‍ക്കാര്‍ ആനുകൂല്യം കൈപ്പറ്റി കോടിക്കണക്കിന് രൂപയുടെ നികുതി ഇളവ് നേടിയതായി റിപ്പോര്‍ട്ട്. ന്യൂജേഴ്സിയിലെ തന്റെ ആഡംബര എസ്റ്റേറ്റില്‍ കോഴികളെ വളര്‍ത്തുന്നതിലൂടെയാണ് സഫിയര്‍ ഈ നികുതി ആനുകൂല്യത്തിന് അര്‍ഹയായത്.

ന്യൂജേഴ്സിയിലെ കര്‍ഷകരെ സഹായിക്കാനുള്ള നിയമപ്രകാരം അഞ്ച് ഏക്കറിലധികം ഭൂമിയുള്ളവര്‍ക്ക് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നികുതിയിളവ് നല്‍കുന്നുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്ത് കോടീശ്വരന്മാര്‍ തങ്ങളുടെ എസ്റ്റേറ്റുകളില്‍ നാമമാത്രമായി കൃഷി ചെയ്ത് വലിയ തുക നികുതി വെട്ടിക്കുന്നതായി ആക്ഷേപമുണ്ട്.

5.8 ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന സഫിയറുടെ ആഡംബര ബംഗ്ലാവ് ഉള്‍പ്പെടുന്ന എസ്റ്റേറ്റിലെ 10 ഏക്കറിലധികം ഭൂമിക്ക് ഇനി വെറും 40 ഡോളര്‍ മാത്രം നികുതി അടച്ചാല്‍ മതിയാകും. ഇത് നിയമത്തിന്റെ ലഗ്‌നനമാണെന്ന് കര്‍ഷക സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തുന്നു. സഫിയര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താനൊരു യഥാര്‍ത്ഥ കര്‍ഷകയല്ലെന്ന് മുന്‍പ് സമ്മതിച്ചിട്ടുണ്ട്.

ട്രംപിന്റെ ഗോള്‍ഫ് കോഴ്സ്, ഗായകരായ ബ്രൂസ് സ്പ്രിങ്സ്റ്റീന്‍, ജോണ്‍ ബോണ്‍ ജോവി തുടങ്ങിയ പ്രമുഖരും മുന്‍പ് ഇത്തരത്തില്‍ നികുതി ഇളവ് നേടിയിട്ടുള്ളവരാണ്.