വ്യാഴാഴ്ച രാവിലെ ഒൻ്റാരിയോയിലെ മാർഖാമിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് കോയോട്ടിയുടെ കടിയേറ്റു. കടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസും അനിമൽ സർവീസും അന്വേഷണം ആരംഭിക്കുകയും പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
മാർഖാം റോഡിനടുത്തുള്ള മിംഗേ അവന്യൂ, ബർ ഓക്ക് അവന്യൂ പരിസരത്താണ് സംഭവം നടന്നത്. റസിഡൻഷ്യൽ ഏരിയയിൽ മൃഗത്തിൻ്റെ ശല്യമുണ്ടെന്ന പരാതി ലഭിച്ചതിനെ തുടർന്ന് എമർജൻസി വിഭാഗം ഉടൻ സ്ഥലത്തെത്തി. ചെറിയ പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നതായി യോർക്ക് റീജണൽ പോലീസ് സ്ഥിരീകരിച്ചു.
കോയോട്ടിനെ കണ്ടെത്താനായി പോലീസും മാർഖാം അനിമൽ സർവീസും സംയുക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ അരികിലേക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു. നഗരപ്രാന്തങ്ങളിൽ കോയോട്ടുകൾ സാധാരണയായി കാണപ്പെടാറുണ്ടെന്നും ചില സാഹചര്യങ്ങളിൽ ഇവ അപകടകാരികളാകാമെന്നും അധികൃതർ വ്യക്തമാക്കി. വീട്ടുമാലിന്യങ്ങൾ കൃത്യമായി മൂടിവെക്കണമെന്നും വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്നും നഗരസഭ ജനങ്ങളെ ഓർമ്മിപ്പിച്ചു. ഒൻ്റാരിയോയിലെ നഗരപ്രദേശങ്ങളിൽ ഇത്തരം വന്യമൃഗങ്ങളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, കുട്ടികളെ പുറത്തുവിടുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.