മന്ത്രിസഭയിൽ വലിയ അഴിച്ചുപണിയുമായി ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. ധനകാര്യ മന്ത്രിയായിരുന്ന നേറ്റ് ഹോർണറും ആശുപത്രികളുടെ ചുമതലയുണ്ടായിരുന്ന മാറ്റ് ജോൺസും രാജി വെച്ചതിനെ തുടർന്നാണ് ഈ മാറ്റം. തൊഴിലവസരങ്ങൾ, ആരോഗ്യ സംരക്ഷണം, വർദ്ധിച്ചുവരുന്ന ജനസംഖ്യ എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പുനഃസംഘടന.
സോഷ്യൽ സർവീസസ് മന്ത്രിയായിരുന്ന ജേസൺ നിക്സൺ പുതിയ ധനകാര്യ മന്ത്രിയാകും. രാജി വെച്ച നേറ്റ് ഹോർണർ 2027-ലെ പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാജി വെച്ച മാറ്റ് ജോൺസും അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. പ്രിവൻ്റീവ് ഹെൽത്ത് കെയർ നോക്കിയിരുന്ന അഡ്രിയാന ലാഗ്രാഞ്ച് ഇനി മുതൽ ആശുപത്രികളുടെ ചുമതല വഹിക്കും. ലാഗ്രാഞ്ചിന് പകരം ജസ്റ്റിൻ റൈറ്റിനെ പ്രിവൻ്റീവ് ഹെൽത്ത് കെയർ മന്ത്രിയായി നിയമിച്ചു.
താരാ സ്വെയർ പുതിയ കൃഷി മന്ത്രിയാകും. മുൻപ് കൃഷി മന്ത്രിയായിരുന്ന ആർ.ജെ. സിഗുർഡ്‌സണെ അഫോർഡബിലിറ്റി ആൻഡ് യൂട്ടിലിറ്റീസ് വകുപ്പിലേക്ക് മാറ്റി. ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നഥാൻ ന്യൂഡോർഫ് ഇനി സോഷ്യൽ സർവീസസ് മന്ത്രിയാകും. ബ്രാൻഡൻ ലണ്ടി ചീഫ് ഗവൺമെന്റ് വിപ്പായും, സ്കോട്ട് സിർ ഗതാഗത വകുപ്പ് പാർലമെന്ററി സെക്രട്ടറിയായും നിയമിതരായി.
ജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ആരോഗ്യരംഗം മെച്ചപ്പെടുത്താനും ജനസംഖ്യാ വർദ്ധനവ് മൂലമുണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കാനും സർക്കാർ ബാധ്യസ്ഥരാണെന്ന് പ്രീമിയർ സ്മിത്ത് പറഞ്ഞു. രാജി വെച്ച മന്ത്രിമാർക്ക് നന്ദി അറിയിച്ച അവർ, ഭരണത്തിൽ സ്ഥിരതയും പരിചയസമ്പത്തും പുതിയ നേതൃത്വവും ഉറപ്പാക്കാനാണ് ഈ മാറ്റങ്ങൾ വരുത്തിയതെന്നും കൂട്ടിച്ചേർത്തു.