ടിക്ടോക്കിൽ ഐഎസ്) അനുകൂല വിവരങ്ങൾ പങ്കുവെച്ചെന്നാരോപിച്ച് ക്യൂബെക്കിലെ ലെവിസിൽ നിന്നുള്ള 40-കാരനെ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്അ റസ്റ്റ് ചെയ്തു. മുഹമ്മദ് അലി ബെൻ ചൗവ എന്നയാളാണ് ദേശീയ സുരക്ഷാ അന്വേഷണത്തിൻ്റെ ഭാഗമായി പിടിയിലായത്. ഇയാൾക്കെതിരെ നിലവിൽ കുറ്റപത്രമൊന്നും സമർപ്പിച്ചിട്ടില്ലെങ്കിലും, കർശന നിരീക്ഷണത്തിന് അനുമതി നൽകുന്ന 'പീസ് ബോണ്ട്' കോടതി ചുമത്തിയിട്ടുണ്ട്.
2025 മാർച്ചിൽ നാഷണൽ സെക്യൂരിറ്റി ഇൻഫർമേഷൻ നെറ്റ്‌വർക്ക് വഴി ലഭിച്ച ഒരു രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇയാൾ ഒന്നിലധികം വ്യാജ ടിക്ടോക് അക്കൗണ്ടുകൾ ഉണ്ടാക്കി, അതിലൂടെ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ പങ്കുവെച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
അറസ്റ്റിനിടെ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടിച്ചെടുത്തു. ഇയാൾ ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കാൻ തക്കതായ കാരണങ്ങളുണ്ടെന്ന് ആർ.സി.എം.പി വ്യക്തമാക്കി.ക്രിമിനൽ കോഡിലെ സെക്ഷൻ 810.011 പ്രകാരമാണ് കോടതി ഇയാൾക്ക് മേൽ പീസ് ബോണ്ട് ചുമത്തിയത്. ഇയാൾക്കെതിരെ ഔദ്യോഗികമായി കുറ്റങ്ങൾ ചുമത്തിയിട്ടില്ലെങ്കിലും, ഭാവിയിൽ കുറ്റകൃത്യങ്ങൾ ചെയ്യാതിരിക്കാൻ പോലീസ് ചില നിബന്ധനകൾ ഏർപ്പെടുത്തുകയും കൃത്യമായി നിരീക്ഷിക്കുകയും ചെയ്യും.മുൻപ് യാതൊരുവിധ കുറ്റകൃത്യങ്ങളിലും പങ്കില്ലാത്ത, പോലീസിന് മുൻപരിചയമില്ലാത്ത വ്യക്തിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചേക്കാം.
സോഷ്യൽ മീഡിയയിലൂടെ ഇത്തരം തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് തടയുകയെന്നത് തങ്ങളുടെ പ്രധാന ലക്ഷ്യമാണെന്ന് വ്യക്തമാക്കിയ ആർ.സി.എം.പി, സംശയാസ്പദമായ സാഹചര്യങ്ങൾ കണ്ടാൽ ഉടൻ തന്നെ വിവരമറിയിക്കാൻ കനേഡിയൻ ജനതയോട് ആവശ്യപ്പെട്ടു.