കാനഡയിലെ ഓക്ക്‌വില്ലിലുള്ള 'വിന്നേഴ്സ്' എന്ന വസ്ത്രവ്യാപാര ശാലയുടെ ഫിറ്റിംഗ് റൂമിൽ വസ്ത്രം മാറിക്കൊണ്ടിരുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ ഉപയോഗിച്ച് രഹസ്യമായി പകർത്തിയ കേസിൽ മിസിസാഗ സ്വദേശിയെ ഹാൽട്ടൺ റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. മിസിസാഗയിൽ താമസിക്കുന്ന ദിശാന്ത് ശ്രീദേവ എന്നയാളാണ് പോലീസിൻ്റെ പിടിയിലായത്.
കഴിഞ്ഞ ഏപ്രിൽ ആദ്യവാരത്തിൽ ഫിറ്റിംഗ് റൂമിൽ വസ്ത്രം മാറുന്നതിനിടെ ഒരാൾ മൊബൈൽ ഫോൺ വഴി ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഹാൽട്ടൺ പോലീസ് നടത്തിയ പ്രത്യേക അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മെയ് 16-ന് ഇയാളുടെ മിസിസാഗയിലെ വസതിയിൽ പരിശോധന നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പരിശോധനയിൽ നിരവധി മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് പിടിച്ചെടുത്തു.
2024 നവംബറിലും മറ്റൊരു സ്ത്രീയുടെ ദൃശ്യങ്ങൾ പ്രതി സമാനമായ രീതിയിൽ പകർത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പ്രതിക്കെതിരെ രണ്ട് വോയറിസം കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. മിൽട്ടൺ ഒൻ്റാരിയോ കോടതിയിൽ ഹാജരാക്കാനിരിക്കെ കടുത്ത നിബന്ധനകളോടെ പ്രതിയെ താൽക്കാലികമായി ജാമ്യത്തിൽ വിട്ടയച്ചു. ഈ കേസിൽ കൂടുതൽ സ്ത്രീകൾ ഇരകളായിട്ടുണ്ടാകാമെന്ന ശക്തമായ സംശയത്തെ തുടർന്ന് പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രതിയുടെ ചിത്രം ഹാൽട്ടൺ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. സമാനമായ രീതിയിൽ ഇയാളിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ടായവർ പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു