ആൽബർട്ട അതിർത്തികളിലെ സ്വാഗത ബോർഡുകൾ മാറുന്നു; 'വൈൽഡ് റോസ് കൺട്രി'ക്ക് പകരം ഇനി 'സ്ട്രോങ്ങ് ആൻഡ് ഫ്രീ'

By: 600110 On: May 21, 2026, 11:54 AM

ആൽബർട്ട പ്രവിശ്യയുടെ അതിർത്തികളിൽ സ്ഥാപിച്ചിട്ടുള്ള സ്വാഗത ബോർഡുകളിൽ പ്രശസ്തമായ "വൈൽഡ് റോസ് കൺട്രി" എന്ന വാചകം മാറ്റി "സ്ട്രോങ്ങ് ആൻഡ് ഫ്രീ"  എന്ന ഔദ്യോഗിക മുദ്രാവാക്യം ഉൾപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.  കടുത്ത കാലാവസ്ഥ കാരണം കേടുപാടുകൾ സംഭവിച്ചതും ഏകദേശം 40 വർഷത്തോളം പഴക്കമുള്ളതുമായ 22 അതിർത്തി ബോർഡുകളാണ് ഇത്തരത്തിൽ മാറ്റുന്നത്. ഈ നവീകരണ പദ്ധതിക്കായി ഏകദേശം 35 ലക്ഷം ഡോളർ ചെലവ് വരുമെന്നാണ് പ്രവിശ്യാ ഭരണകൂടം വ്യക്തമാക്കുന്നത്.

ഈ വർഷം ശരത്കാലത്തോടെ പുതിയ ബോർഡുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഈ തീരുമാനത്തിനെതിരെ കാനഡയിലെ പ്രതിപക്ഷമായ എൻ.ഡി.പി കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ ഭരണത്തിലിരിക്കുന്ന യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി  തങ്ങളുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി ഉപയോഗിക്കുന്ന വാചകമാണ് "സ്ട്രോങ്ങ് ആൻഡ് ഫ്രീ" എന്നും, അതിനാൽ ഈ മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നുമാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. എന്നാൽ ഇത് പ്രവിശ്യയുടെ ഔദ്യോഗിക മുദ്രാവാക്യവും കനേഡിയൻ ദേശീയ ഗാനത്തിലെ വരികളുമാണെന്ന് ചൂണ്ടിക്കാട്ടി പ്രീമിയർ ഡാനിയൽ സ്മിത്തും ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷണും രംഗത്തെത്തി. കഴിഞ്ഞ വർഷം ആൽബർട്ടയിലെ വാഹനങ്ങളുടെ ലൈസൻസ് പ്ലേറ്റുകളിലും ഇതേ രീതിയിൽ മുദ്രാവാക്യം മാറ്റിയിരുന്നു.