കാനഡയുടെ കുടിയേറ്റ സംവിധാനമായ 'എക്സ്പ്രസ് എൻട്രി'യിൽ വലിയ മാറ്റങ്ങൾ വരുത്താനൊരുങ്ങി ഫെഡറൽ സർക്കാർ. ഡോക്ടർമാർ, എൻജിനീയർമാർ, സീനിയർ മാനേജർമാർ തുടങ്ങിയ ഉയർന്ന ശമ്പളം ലഭിക്കുന്ന പ്രൊഫഷണലുകൾക്ക് സ്ഥിരതാമസത്തിന് മുൻഗണന നൽകാനാണ് പുതിയ നീക്കം. വിദഗ്ദ്ധരായ അന്താരാഷ്ട്ര പ്രതിഭകളെ കാനഡയിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്ന് സർക്കാർ വ്യക്തമാക്കുമ്പോൾ, കുറഞ്ഞ ശമ്പളമുള്ള അപേക്ഷകരെ ഇത് പിന്നിലാക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്.
നിലവിൽ പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ഭാഷാ വൈദഗ്ധ്യം എന്നിവ വിലയിരുത്തി നൽകുന്ന പോയിൻ്റ് അടിസ്ഥാനമാക്കിയാണ് എക്സ്പ്രസ് എൻട്രി വഴി അപേക്ഷകരെ തിരഞ്ഞെടുക്കുന്നത്. എന്നാൽ പുതിയ പരിഷ്കാരം അനുസരിച്ച്, കാനഡയിലെ ദേശീയ ശരാശരി ശമ്പളത്തേക്കാൾ ഉയർന്ന വേതനം വാഗ്ദാനം ചെയ്യുന്ന തൊഴിൽ ഓഫറുകൾ ഉള്ളവർക്ക് അധിക പോയിൻ്റുകൾ ലഭിക്കും. ഉയർന്ന ശമ്പളമുള്ള ജോലികൾ എളുപ്പത്തിൽ പരിശോധിച്ചുറപ്പിക്കാൻ സാധിക്കുമെന്നതിനാൽ കുടിയേറ്റ തട്ടിപ്പുകൾ തടയാൻ ഇത് സഹായിക്കുമെന്നാണ് സർക്കാരിൻ്റെ വാദം.
ഡോക്ടർമാർ, ശാസ്ത്രജ്ഞർ, സീനിയർ മാനേജർമാർ, ട്രാൻസ്പോർട്ടേഷൻ വിദഗ്ദ്ധർ എന്നിവർക്ക് പുറമെ നാറ്റോ സഖ്യരാജ്യങ്ങൾ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരായ സൈനിക റിക്രൂട്ടുകൾ എന്നിവരെയും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. നിലവിലുള്ള മൂന്ന് പ്രധാന എക്സ്പ്രസ് എൻട്രി സ്ട്രീമുകൾ ലയിപ്പിച്ച് ഒറ്റ പാതയാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി കനേഡിയൻ ഹൈസ്കൂൾ വിദ്യാഭ്യാസം, ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിലെ പ്രാവീണ്യം എന്നിവ നിർബന്ധമാക്കും.
ഉയർന്ന വരുമാനമുള്ള കുടിയേറ്റക്കാർക്കായി പുതിയ നിയമം ഒരു 'ഫാസ്റ്റ് ലെയ്ൻ' സൃഷ്ടിക്കുമെന്ന് പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകൻ സൂൾ സുലൈമാൻ മുന്നറിയിപ്പ് നൽകി. ഇത് സാധാരണ അപേക്ഷകരുടെ കാത്തിരിപ്പ് സമയം ഇനിയും വർദ്ധിപ്പിച്ചേക്കാം.നിലവിൽ ഒരു ലക്ഷത്തിലധികം (110,000) അപേക്ഷകളാണ് സ്ഥിരതാമസാനുമതിക്കായി കാത്തിരിക്കുന്നത്. ആറ് മാസത്തിനുള്ളിൽ അപേക്ഷകൾ തീർപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിലും നിലവിൽ ശരാശരി ഏഴ് മാസമെടുക്കുന്നുണ്ട്.