ആവശ്യത്തിന് സബ്സ്റ്റിറ്റ്യൂട്ട് അധ്യാപകരില്ലാതെ ആൽബർട്ടയിലെ സ്കൂളുകൾ, ക്ലാസെടുക്കാൻ പ്രിൻസിപ്പൽമാരും!

By: 600110 On: May 21, 2026, 11:47 AM

ആവശ്യത്തിന് സബ്സ്റ്റിറ്റ്യൂട്ട് അധ്യാപകരില്ലാത്തതിനെ തുടർന്ന് ആൽബർട്ടയിൽ സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റുന്നു. പ്രധാന നഗരമായ കാൽഗറിയിൽ മാത്രം പ്രതിദിനം ഇരുന്നൂറോളം അധ്യാപകരുടെ കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. അധ്യാപകർ പെട്ടെന്ന് അവധിയിലാകുന്ന സാഹചര്യങ്ങളിൽ പകരം ആളെ കിട്ടാതാകുന്നത് സ്കൂളുകളുടെ പ്രവർത്തനങ്ങളെയും കുട്ടികളുടെ പഠനത്തെയും സാരമായി ബാധിക്കുന്നുണ്ട്.

പല സ്കൂളുകളിലും ആവശ്യത്തിന് സബ്സ്റ്റിറ്റ്യൂട്ട് അധ്യാപകരില്ലാത്തതിനാൽ പ്രിൻസിപ്പൽമാർക്ക് നേരിട്ട് ക്ലാസെടുക്കേണ്ടി വരുന്നുണ്ട്. ചിലയിടങ്ങളിൽ ഒന്നിലധികം ക്ലാസുകൾ ഒരുമിച്ച് ഇരുത്തിയാണ് പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്. കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച ഈ പ്രതിസന്ധി ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുകയാണ്. കോവിഡ് സമയത്ത് ജോലി ഉപേക്ഷിച്ച പല സബ്സ്റ്റിറ്റ്യൂട്ട് അധ്യാപകരും പിന്നീട് ഈ രംഗത്തേക്ക് തിരികെ വന്നിട്ടില്ല.

മറ്റ് ജോലികളെ അപേക്ഷിച്ച് സബ്സ്റ്റിറ്റ്യൂട്ട് അധ്യാപകർക്ക് ആനുകൂല്യങ്ങളോ സ്ഥിരതയോ ഇല്ല. പ്രതിദിനം 270 ഡോളറോളം മാത്രമാണ് വരുമാനം. ജീവിക്കാൻ വേണ്ടി പലർക്കും മറ്റ് പാർട്ട് ടൈം ജോലികളെയും ആശ്രയിക്കേണ്ടി വരുന്നുണ്ട്. ജൂനിയർ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികളെ നിയന്ത്രിക്കാനുള്ള ബുദ്ധിമുട്ടും പലരെയും ഈ ജോലിയിൽ നിന്ന് അകറ്റുന്നുണ്ട്.
തങ്ങൾ അവധിയെടുത്താൽ ക്ലാസ് കൈകാര്യം ചെയ്യാൻ ആളുണ്ടാകില്ലെന്ന ചിന്ത നിലവിലുള്ള അധ്യാപകരെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് നയിക്കുന്നുണ്ടെന്ന് അധ്യാപക സംഘടനയായ 'ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ' ചൂണ്ടിക്കാണിക്കുന്നു. മുൻപ് ഗ്രാമീണ മേഖലകളിൽ മാത്രമുണ്ടായിരുന്ന ഈ ക്ഷാമം ഇപ്പോൾ നഗരങ്ങളിലെ സ്കൂളുകളെയും  ബാധിച്ചിരിക്കുകയാണ്.

പ്രതിസന്ധി പരിഹരിക്കാൻ വലിയ തോതിലുള്ള ഫണ്ടിംഗും നിയമനങ്ങളുമാണ് ആൽബർട്ട പ്രവിശ്യാ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരിയിൽ 500 അധ്യാപകരെയും, മെയ് മാസത്തിൽ   1400 പുതിയ അധ്യാപകരെയും നിയമിക്കാൻ സർക്കാർ തുക അനുവദിച്ചിട്ടുണ്ട്.  കൂടാതെ വിദേശ  അധ്യാപകർക്ക് വേഗത്തിൽ സർട്ടിഫിക്കറ്റ് നൽകാനുള്ള നടപടികളും ആരംഭിച്ചു.പുതിയ ബിരുദധാരികൾ എത്തുന്നതോടെ ഈ പ്രതിസന്ധിക്ക് താൽക്കാലിക ശമനമുണ്ടാകുമെന്നാണ് കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ അധികൃതർ പ്രതീക്ഷിക്കുന്നത്.