സാലഡ് പാക്കറ്റിൽ ജീവനുള്ള തവള; പാട്ടുപാടി യാത്രയയപ്പ് നൽകി യുവാക്കൾ

By: 600110 On: May 21, 2026, 11:12 AM

ഓസ്‌ട്രേലിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ സാലഡ് പാക്കറ്റിനുള്ളിൽ ജീവനുള്ള തവളയെ കണ്ടെത്തി. വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ എസ്പെരൻസ്  എന്ന സ്ഥലത്താണ് ഒരേ സമയം കൗതുകകരവും ഞെട്ടിക്കുന്നതുമായ ഈ സംഭവം നടന്നത്. 

രാത്രി ഭക്ഷണം തയ്യാറാക്കുന്നതിനിടയിലാണ് കർഷകനായ റൈസ് സ്മോക്കർ എന്ന യുവാവ്, സീൽ ചെയ്ത പ്ലാസ്റ്റിക് പാക്കറ്റിലെ ലെറ്റൂസ് ഇലകൾക്കിടയിൽ തവളയെ കണ്ടത്. തുടർന്ന് ഇവർ തവളയ്ക്ക് 'ഗ്രെഗ്' എന്ന് പേരുമിട്ടു. തവളയെ പിന്നീട് വീടിനടുത്തുള്ള ഒരു കുളത്തിൽ സുരക്ഷിതമായി തുറന്നുവിട്ടു. വെറുതെ തുറന്നുവിടുക മാത്രമല്ല, പ്രശസ്തമായ "ക്രേസി ഫ്രോഗ്"  എന്ന പാട്ട് മൊബൈലിൽ പ്ലേ ചെയ്ത് കൊണ്ടാണ് സുഹൃത്തുക്കൾ ഗ്രെഗിന് യാത്രയയപ്പ് നൽകിയത്.

പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ 'വൂൾവർത്ത്സിൽ' നിന്നാണ്  ഇവർ ഈ ലെറ്റൂസ് പാക്കറ്റ് വാങ്ങിയത്. സംഭവം വാർത്തയായതോടെ കമ്പനി അധികൃതർ വീട്ടുകാരോട് ക്ഷമാപണം നടത്തുകയും പകരമായി മറ്റൊരു ലെറ്റൂസ് പാക്കറ്റ് നൽകുകയും ചെയ്തു. ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ഇത്തരം വിചിത്ര സംഭവങ്ങൾ ഇതാദ്യമായല്ല നടക്കുന്നത്. 2021-ൽ സിഡ്നിയിലെ ഒരു  സ്റ്റോറിൽ നിന്ന് വാങ്ങിയ ലെറ്റൂസിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തിയിരുന്നു. മറ്റൊരു വൂൾവർത്ത്സ് സ്റ്റോറിലെ ഷെൽഫിൽ നിന്ന് വിഷമില്ലാത്ത മലമ്പാമ്പിനെയും മുൻപ് കണ്ടെത്തിയിട്ടുണ്ട്. എന്തായാലും സാലഡ് പാക്കറ്റിൽ തവളയെ കണ്ടെത്തിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചിരി പടർത്തുകയാണ്.