ലോകം ഉറ്റുനോക്കുന്ന ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങി കാനഡ. ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിനാണ് ഇത്തവണ കാനഡ, അമേരിക്ക, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായി വേദിയാകുന്നത്. ഇതിൽ കാനഡയിൽ വെച്ച് നടക്കുന്ന 13 മത്സരങ്ങൾക്കായി ഏകദേശം ഒരു ബില്യൺ ഡോളറാണ് രാജ്യം ചിലവിടുന്നത്.
ടൊറൻ്റോ, വാൻകൂവർ എന്നീ നഗരങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ടൊറൻ്റോ എട്ട് മത്സരങ്ങൾക്കും വാൻകൂവർ അഞ്ച് മത്സരങ്ങൾക്കും വേദിയാകും. സ്റ്റേഡിയങ്ങളുടെ നവീകരണം, സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗതം, ഫാൻ സോണുകൾ ഒരുക്കൽ എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. ചില ചിലവുകൾ ഫിഫ വഹിക്കുമെങ്കിലും, ഭൂരിഭാഗം തുകയും കണ്ടെത്തുന്നത് കാനഡയിലെ ഫെഡറൽ-പ്രദേശിക സർക്കാരുകളാണ്.
ഫെഡറൽ സർക്കാർ 104 മില്യൺ ഡോളറാണ് ചെലവഴിക്കുക. ബ്രിട്ടീഷ് കൊളംബിയൻ സർക്കാർ 240 മില്യണും വാൻകൂവർ നഗരം 230 മില്യണും ഒൻ്റാരിയോ 97 മില്യൺ ഡോളറും ടൊറൻ്റോ നഗരം 80 മില്യൺ ഡോളറും ചെലവഴിക്കും. ചിലവിൻ്റെ വലിയൊരു പങ്ക് ടൊറൻ്റോയിലെ 'ബിഎംഒ ഫീൽഡ്' സ്റ്റേഡിയം വികസിപ്പിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ഫിഫയുടെ നിബന്ധനയനുസരിച്ച് സ്റ്റേഡിയത്തിലെ സീറ്റിംഗ് ശേഷി 45,000 ആയി ഉയർത്തും. വാൻകൂവറിലെ 'ബിസി പ്ലേസ്' (BC Place) സ്റ്റേഡിയത്തിന് നിലവിൽ ഫിഫ നിലവാരമുണ്ടെങ്കിലും അവിടെയും കൂടുതൽ സൌകര്യങ്ങൾ ഒരുക്കും.
വലിയൊരു കായികമാമാങ്കം ആയതുകൊണ്ടുതന്നെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വൻ തുക നീക്കിവെക്കേണ്ടി വരും. ഇത്രയും വലിയ തുക പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ചിലവഴിക്കുന്നതിനെതിരെ ചില കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും, ടൂറിസത്തിലൂടെയും ആഗോള ശ്രദ്ധയിലൂടെയും കാനഡയ്ക്ക് ഇതിലും വലിയ സാമ്പത്തിക നേട്ടമുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ലക്ഷക്കണക്കിന് ആരാധകർ എത്തുന്നതോടെ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, പ്രാദേശിക ബിസിനസുകൾ എന്നിവയ്ക്ക് വലിയ ഉണർവുണ്ടാകും.