ന്യൂ മെക്‌സിക്കോയില്‍ അജ്ഞാത വസ്തു ശ്വസിച്ച് മൂന്ന് മരണം; 18 രക്ഷാപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

By: 600002 On: May 21, 2026, 8:14 AM



 

പി പി ചെറിയാന്‍

ന്യൂ മെക്‌സിക്കോ: അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലുള്ള ഒരു വീട്ടില്‍ അജ്ഞാത രാസവസ്തുവുമായി സമ്പര്‍ക്കത്തിലായതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. മെയ് 20 ബുധനാഴ്ച രാവിലെ 11 നു  വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പതിനെട്ടോളം രക്ഷാപ്രവര്‍ത്തകര്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി.

മൗണ്ടന്‍എയറിലെ ഒരു വീട്ടില്‍ ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചെന്ന (Overdose) സംശയത്തെ തുടര്‍ന്ന് എത്തിയതായിരുന്നു പോലീസും ആരോഗ്യപ്രവര്‍ത്തകരും. വീടിനുള്ളില്‍ ബോധരഹിതരായി കണ്ടെത്തിയ നാല് പേരില്‍ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു.

ഇവിടെയുണ്ടായിരുന്ന അജ്ഞാത വസ്തുവുമായി സമ്പര്‍ക്കത്തിലായതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് തലകറക്കവും ഛര്‍ദ്ദിലും അനുഭവപ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

വായുവിലൂടെ പകരുന്ന ഒന്നല്ല ഈ വസ്തുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതൊരു മാരകമായ ലഹരിമരുന്ന് ആകാനാണ് സാധ്യതയെന്നും, നിലവില്‍ പൊതുജനങ്ങള്‍ക്ക് മറ്റ് ഭീഷണികളില്ലെന്നും പോലീസ് അറിയിച്ചു. തീപിടുത്തമോ വാതക ചോര്‍ച്ചയോ അല്ല അപകടകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.