എബോള വൈറസ് ബാധയെ തുടര്‍ന്ന് ആഫ്രിക്കയില്‍ മരണസംഖ്യ ഉയരുന്നു. 139 പേരാണ് എബോള വൈറസ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ചത്. 600ഓളം എബോള കേസുകളും റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചവ്യാധിയുടെ അപകടസാധ്യത ഉയര്‍ന്നതാണെന്ന് ലോകാരോഗ്യ സംഘടന. ഏപ്രില്‍ 24നാണ് ഡിആര്‍ കോംഗോയില്‍ ആദ്യത്തെ എബോള വൈറസ് മരണം സ്ഥിരീകരിച്ചത്.
എബോളയുടെ അത്യപൂര്‍വ വകഭേദമായ ബൂന്‍ഡിബുഗോയാണ് മധ്യ, കിഴക്കന്‍ ആഫ്രിക്കയിലെ രോഗവ്യാപനത്തിനു പിന്നില്‍. എബോള വൈറസിന്റെ ആറ് വകഭേദങ്ങളില്‍ ഒന്നാണ് ബൂന്‍ഡിബുഗോ. സൈര്‍, സുഡാന്‍, ടായ് ഫോറസ്റ്റ്, റെസ്റ്റോണ്‍, ബോംബാലി എന്നിവയാണ് മറ്റുള്ളവ. രോഗബാധിതരുടെ ശവസംസ്‌കാര ചടങ്ങുകള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ മുന്‍നിര്‍ത്തിയല്ലെങ്കില്‍ അതും രോഗവ്യാപനത്തിന്റെ വ്യാപ്തി കൂട്ടുമെന്ന് മുന്നറിയിപ്പുണ്ട്.
2014 മാര്‍ച്ച് 3 നാണ് എബോളയെ ഒരു രോഗമായി ലോക ആരോഗ്യ സംഘടന പ്രഖ്യാപിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ആഴ്ച്ചയ്ക്ക് ശേഷം പനി, വരണ്ട തൊണ്ട , പേശി വേദന, തലവേദന എന്നീ ലക്ഷണങ്ങള്‍ പ്രകടമാവും. പെട്ടന്നു തന്നെ കരളും വൃക്കയും തകരാറാവും. മനുഷ്യരില്‍ പ്രധാനമായും എബോള എത്തുന്നത് മൃഗങ്ങളിലൂടെയാണ്.
കുരങ്ങ് , പന്നി ,വവ്വാല്‍ എന്നീ മൃഗങ്ങളുടെ ശരീരത്തില്‍ എബോള വൈറസ് ഉണ്ടാകും ഇവരുടെ സ്പര്‍ശനത്തിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേക്ക് പകരാം. 25% മുതല്‍ 90% വരെയാണ് മരണസാധ്യത.