വിഘടനവാദത്തിനെതിരെ പുതിയ നീക്കം; നിയമസഭാ മന്ദിരത്തിന് മുന്നിലെ തെരുവിന് 'ഫോറെവർ കനേഡിയൻ അവന്യൂ' എന്ന് പേരിടാൻ നിർദ്ദേശം

By: 600110 On: May 20, 2026, 1:41 PM

കാനഡയിൽ നിന്ന് ആൽബർട്ട പ്രവിശ്യ വേറിട്ടുപോകണമെന്ന വിഘടനവാദ ചർച്ചകൾ ശക്തമായി നിലനിൽക്കുന്നതിനിടെ, രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യാൻ പുതിയ നീക്കവുമായി എഡ്മന്റൺ സിറ്റി കൗൺസിലർ മൈക്കൽ ജാൻസ്. ആൽബർട്ട നിയമസഭാ മന്ദിരത്തിന് സമീപമുള്ള '99-ആം അവന്യൂ'വിൻ്റെ ഒരു ഭാഗം "ഫോറെവർ കനേഡിയൻ അവന്യൂ"  എന്ന് പുനർനാമകരണം ചെയ്യണമെന്നാണ് അദ്ദേഹത്തിൻ്റെ നിർദ്ദേശം. ആൽബർട്ട കാനഡയുടെ ഭാഗമായിത്തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിൽ 4 ലക്ഷത്തിലധികം ആളുകൾ ഒപ്പിട്ട ജനകീയ ഹർജിക്ക് ആദരമർപ്പിച്ചാണ് ഈ നീക്കം.

വിനോദസഞ്ചാരികളും സ്കൂൾ വിദ്യാർത്ഥികളും ഉൾപ്പെടെ വലിയതോതിൽ സന്ദർശിക്കുന്ന ഈ പ്രദേശം ആൽബർട്ടയുടെ ചരിത്രം വിളിച്ചോതുന്ന ഇടം കൂടിയാണ്. ഇവിടെ ഇത്തരമൊരു പേര് നൽകുന്നത് ജനങ്ങളുടെ രാജ്യസ്‌നേഹത്തിൻ്റെയും ഒരുമയുടെയും പ്രതീകമായി മാറുമെന്ന് കൗൺസിലർ ജാൻസ് വ്യക്തമാക്കി.  ആൽബർട്ടയ്ക്ക് സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ട് 'സ്റ്റേ ഫ്രീ അൽബെർട്ട' എന്ന വിഘടനവാദ സംഘടന സമർപ്പിച്ച ഹർജി കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കൗൺസിലറുടെ ഈ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. വിഘടനവാദ നീക്കങ്ങൾ ആൽബർട്ടയിലെ നിക്ഷേപ അന്തരീക്ഷത്തെ തകർക്കുമെന്നും തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും കൗൺസിലർ മൈക്കൽ ജാൻസ് മുന്നറിയിപ്പ് നൽകി. ഇത്തരം ഭീഷണികൾ എഡ്മന്റണിന്റെയും പ്രവിശ്യയുടെയും സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ അപേക്ഷയിന്മേൽ ഇനി എഡ്മന്റൺ നേമിംഗ് കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. രാഷ്ട്രീയമായി ഭിന്നിച്ചുനിൽക്കുന്ന ഈ കാലഘട്ടത്തിൽ ഫെഡറലിസത്തെ പിന്തുണയ്ക്കുന്നവർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ പുതിയ നിർദ്ദേശം.