കോവിഷീല്‍ഡ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി ബ്രിട്ടന്‍

By: 600007 On: Oct 7, 2021, 6:09 PM

കോവിഷീല്‍ഡ് സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഒഴിവാക്കി ബ്രിട്ടന്‍. കോവിഷീല്‍ഡ് അല്ലെങ്കില്‍ യുകെ അംഗീകരിച്ച മറ്റേതെങ്കിലും കോവിഡ് വാക്‌സിന്‍ മുഴുവന്‍ ഡോസും സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ഒക്ടോബര്‍ 11 മുതല്‍ ബ്രിട്ടനില്‍ ക്വാറന്റൈന്‍ വേണ്ട. വാക്‌സിനെടുത്ത ശേഷം ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ ക്വാറന്റീന്‍ ചെയ്യില്ലെന്ന് ഇന്ത്യയിലെ ഹൈക്കമ്മിഷണര്‍ അലക്‌സ് എല്ലിസ് പറഞ്ഞു.

യുകെ അംഗീകരിച്ച കോവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ച ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ആളുകള്‍ എത്തിയാല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ വേണമെന്ന് യുകെ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിച്ചിട്ടുണ്ടോയെന്നു പരിഗണിക്കാതെ, 10 ദിവസത്തെ ക്വാറന്റൈന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

ഇന്ത്യ, തുര്‍ക്കി, ഘാന എന്നിവയുള്‍പ്പെടെ 37 രാജ്യങ്ങളെയാണു പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ ന്യൂയോര്‍ക്കില്‍ യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടിഷ് നിര്‍മിത ഓക്‌സ്ഫഡ് അസ്ട്രാസെനക വാക്‌സിന്റെ ഇന്ത്യന്‍ പതിപ്പായ കോവിഷീല്‍ഡ് എടുത്തവര്‍ക്കു പോലും 10 ദിവസം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതു വിവേചനമാണെന്നു വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശൃംഗ്ല പറഞ്ഞിരുന്നു.

Content highlight: Fully vaccinated indians travelling to uk wont have to quarantine from oct 11