വളർത്തുമൃഗങ്ങളുടെയും ജനങ്ങളുടെയും സുരക്ഷിതത്വവും മുൻനിർത്തി കർശന നിയമങ്ങളുമായി എഡ്‌മൻ്റൺ നഗരസഭ. പുതിയ ബൈലോ (Pet Bylaw) ചൊവ്വാഴ്ച മുതൽ നിലവിൽ വന്നു. ആക്രമണകാരികളായ നായകളുടെ ഉടമകൾക്ക് കടുത്ത പിഴ ചുമത്തുന്നതിനൊപ്പം, തെരുവ് പൂച്ചകളുടെ സംരക്ഷണത്തിനായുള്ള പ്രത്യേക നിർദ്ദേശങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എഡ്‌മൻ്റണിൽ പ്രതിവർഷം ആയിരത്തോളം നായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് നഗരസഭയുടെ കണക്കുകൾ. ഈ സാഹചര്യത്തിലാണ് നിയമങ്ങൾ കൂടുതൽ കടുപ്പിച്ചത്. അപകടകാരികളായ നായകളെ വളർത്തുന്നവർ തങ്ങളുടെ വീടുകളിൽ കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും അവയ്ക്ക് നിർബന്ധിത പെരുമാറ്റ പരിശീലനം നൽകണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. നായകളുടെ ആക്രമണത്തിൻ്റെ തീവ്രത അനുസരിച്ച് 250 ഡോളർ മുതൽ 3,000 ഡോളർ വരെയാണ് പിഴ ഈടാക്കുക. വീണ്ടും ആക്രമണമുണ്ടായാൽ 2,500 ഡോളർ മുതൽ 7,000 ഡോളർ വരെ കനത്ത പിഴ ഈടാക്കും.
നഗരത്തിൽ ഏകദേശം 70,000 തെരുവ് പൂച്ചകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയ ഭേദഗതി പ്രകാരം ഇത്തരം പൂച്ചകളെ പരിചരിക്കുന്ന സന്നദ്ധപ്രവർത്തകരെയോ നാട്ടുകാരെയോ അവയുടെ ഔദ്യോഗിക ഉടമകളായി കണക്കാക്കില്ല. ഇത് പൂച്ചകൾക്ക് നിയമപരമായ ബാധ്യതകളില്ലാതെ ആഹാരവും പരിചരണവും നൽകാൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് കൂടുതൽ എളുപ്പമാക്കും. പിക്കപ്പ് ട്രക്കുകളുടെ പിൻഭാഗത്ത് സുരക്ഷിതമല്ലാത്ത രീതിയിൽ മൃഗങ്ങളെ കൊണ്ടുപോയാൽ ഉടമകൾക്ക് പിഴ ചുമത്തും. കടുത്ത മഞ്ഞോ ചൂടോ ഉള്ള മോശം കാലാവസ്ഥയിൽ കൃത്യമായ അഭയസ്ഥാനം നൽകാതെ മൃഗങ്ങളെ പുറത്തുപേക്ഷിക്കുന്ന ഉടമകൾക്കെതിരെയും നടപടിയുണ്ടാകും.
രജിസ്റ്റർ ചെയ്ത മൃഗസംരക്ഷണ ചാരിറ്റികൾക്ക് ഇനി മുതൽ സൗജന്യ ലൈസൻസ് ലഭിക്കും. മുതിർന്ന പൗരന്മാർക്കും കുറഞ്ഞ വരുമാനക്കാർക്കും ലൈസൻസ് തുകയിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. നഗരപരിധിക്കുള്ളിൽ കോഴി, തേനീച്ച, മുയൽ എന്നിവയെ വളർത്തുന്നതിനും പുതിയ നിയമത്തിൽ വ്യക്തമായ മാർഗ്ഗരേഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവാദിത്തമില്ലാത്ത വളർത്തുമൃഗ പരിപാലനം തടയാനും ഭാവിയിലെ അപകടങ്ങൾ കുറയ്ക്കാനും ഈ കർശന നിയമങ്ങൾ സഹായിക്കുമെന്ന് സിറ്റി അധികൃതർ വ്യക്തമാക്കി.