ഇന്ധനവില കുതിച്ചുയർന്നതോടെ കാനഡയിൽ പണപ്പെരുപ്പം 2.8 ശതമാനത്തിൽ

By: 600110 On: May 20, 2026, 11:50 AM

 

കാനഡയിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഇറാൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ ഊർജ്ജ-ഇന്ധന വില കുതിച്ചുയർന്നതോടെയാണിത്.  2026 ഏപ്രിലിലെ കണക്കുകൾ പ്രകാരം പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായാണ് ഉയർന്നത്. മാർച്ചിൽ ഇത് 2.4 ശതമാനമായിരുന്നു. എന്നാൽ, വാടക, ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ വിലക്കയറ്റത്തിൻ്റെ തോത് കുറഞ്ഞത് കനേഡിയൻ കുടുംബങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഊർജ്ജ മേഖലയിലെ വിലയിൽ 19.2 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതിൽ പെട്രോൾ വില മാത്രം മുൻവർഷത്തെ അപേക്ഷിച്ച് 28.6 ശതമാനമാണ് കുതിച്ചുയർന്നത്. യുദ്ധത്തെത്തുടർന്ന് പശ്ചിമേഷ്യയിലെ പ്രധാന കപ്പൽപ്പാതയായ  ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടിയതാണ് അന്താരാഷ്ട്ര തലത്തിൽ അസംസ്കൃത എണ്ണവില ഉയരാൻ കാരണം. ഭക്ഷ്യസുരക്ഷാ രംഗത്തെ പണപ്പെരുപ്പം മാർച്ചിലെ 4 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 3.5 ശതമാനമായി കുറഞ്ഞു. കോഴിയിറച്ചി, പച്ചക്കറികൾ, കോഫി, ചായ എന്നിവയുടെ വിലക്കയറ്റ തോത് കുറഞ്ഞിട്ടുണ്ട്.

വാടക നിരക്കിലെ വർദ്ധനവ് മാർച്ചിലെ 4.2 ശതമാനത്തിൽ നിന്നും ഏപ്രിലിൽ 3.6 ശതമാനമായി കുറഞ്ഞു. മാർച്ചിൽ ഇടിവ് രേഖപ്പെടുത്തിയ വസ്ത്രങ്ങൾ, ചെരുപ്പുകൾ എന്നിവയുടെ വില ഏപ്രിലിൽ രണ്ട് ശതമാനം വർദ്ധിച്ചു. വിമാന ടിക്കറ്റ് നിരക്കിലെ വർദ്ധനവ് ഏപ്രിലിലെ കണക്കുകളിൽ പൂർണ്ണമായി പ്രതിഫലിച്ചിട്ടില്ലെങ്കിലും വരുന്ന വേനൽക്കാലത്ത് ഇത് ജനങ്ങളെ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ഇന്ധനത്തിനായി ജനങ്ങൾക്ക് കൂടുതൽ പണം ചിലവഴിക്കേണ്ടി വരുന്നത് മറ്റ് മേഖലകളിലെ വാങ്ങൽ ശേഷിയെ ബാധിക്കുന്നുണ്ടെന്നും വിദഗ്ധർ നിരീക്ഷിച്ചു. വരും മാസങ്ങളിൽ വിമാനയാത്രാ നിരക്കുകൾ പണപ്പെരുപ്പം വീണ്ടും ഉയർത്തിയേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. നിലവിലെ ഊർജ്ജ പ്രതിസന്ധി താൽക്കാലികമാണെന്നാണ് വിലയിരുത്തലെങ്കിലും, യുദ്ധം നീണ്ടുപോയാൽ അത് മറ്റ് മേഖലകളെക്കൂടി ബാധിച്ചേക്കാനിടയുണ്ട്.