പി പി ചെറിയാന്‍
തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്ന വി. ഡി. സതീശനും പുതിയ സര്‍ക്കാരിനും ആശംസകള്‍ നേര്‍ന്ന് മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത. വി. ഡി. സതീശന്റെ ഈ പുതിയ നിയോഗം കേരളത്തിന്റെ രാഷ്ട്രീയ-ഭരണ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണെന്ന് മെത്രാപ്പോലിത്ത തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
പരമ്പരാഗതമായ ഭരണ കീഴ്വഴക്കങ്ങളില്‍ നിന്ന് മാറി, കേരളത്തിന്റെ ഭരണ രംഗത്ത് വിശാലമായ കാഴ്ചപ്പാടുകളും പുത്തന്‍ ശൈലികളും ആവിഷ്‌കരിക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് കഴിയുമെന്നാണ് പൊതുസമൂഹം പ്രത്യാശിക്കുന്നത്.
ഭരണഘടന മുന്നോട്ടുവെക്കുന്ന ഉന്നതമായ മൂല്യങ്ങളും കേരളത്തിന്റെ മതേതര സ്വഭാവവും കാത്തുസൂക്ഷിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കണമെന്ന് മെത്രാപ്പോലിത്ത ഓര്‍മ്മിപ്പിച്ചു.'സമുദായിക-രാഷ്ട്രീയ ഭേദങ്ങള്‍ക്കപ്പുറം എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തു നിര്‍ത്തി സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ പുതിയ മുഖ്യമന്ത്രിക്ക് സാധിക്കട്ടെ. പാവപ്പെട്ടവരെന്നോ ധനികരെന്നോ വ്യത്യാസമില്ലാതെ ജനങ്ങളെ ഒരുപോലെ കാണാനും, ജനപക്ഷത്തിനും സാമൂഹിക ഐക്യത്തിനും മുന്‍ഗണന നല്‍കി പ്രവര്‍ത്തിക്കാനും പുതിയ നേതൃത്വത്തിന് കഴിയണം.
'സംസ്ഥാനത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ജനകീയ വിഷയങ്ങളില്‍ പിടിവാശികള്‍ ഒഴിവാക്കി അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം. പൊതു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ട്, അതിലെ നല്ല വശങ്ങളെ സ്വീകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം പ്രാര്‍ത്ഥനാപൂര്‍വ്വം ആശംസിച്ചു.
നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശനും അദ്ദേഹത്തോടൊപ്പം ചുമതലയേല്‍ക്കുന്ന പുതിയ മന്ത്രിസഭാംഗങ്ങള്‍ക്കും തിരഞ്ഞെടുക്കപ്പെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഹൃദയം നിറഞ്ഞ ആശംസകളും പ്രാര്‍ത്ഥനകളും അറിയിക്കുന്നതായി മെത്രാപ്പോലിത്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.