പി പി ചെറിയാന്‍
ഇസ്ലാമാബാദ്: പാകിസ്താനില്‍ കൗമാരക്കാരിയായ ടിക്ടോക് താരത്തെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജൂണിലാണ് 17-കാരിയായ സന യൂസഫ് എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറെ ഉമര്‍ ഹയാത് (22) എന്നയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി വെടിവെച്ചു കൊന്നത്.
ഇസ്ലാമാബാദ് കോടതി ചൊവ്വാഴ്ചയാണ് പ്രതിക്ക് വധശിക്ഷയും 7,200 ഡോളര്‍ (ഏകദേശം 6 ലക്ഷം രൂപ) പിഴയും വിധിച്ചത്. ഫാഷന്‍, സൗന്ദര്യവര്‍ദ്ധക മേഖലകളില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായിരുന്ന സനയുടെ കൊലപാതകം പാകിസ്താനില്‍ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരുന്നു. പാകിസ്താനില്‍ പ്രണയാഭ്യര്‍ത്ഥനകളും വിവാഹാലോചനകളും നിരസിക്കുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.