ടൂറിസ്റ്റ് വിസയിലെത്തി കാനഡയിൽ മോഷണ പരമ്പര: വിദേശ കുറ്റവാളി സംഘo അറ്റസ്റ്റിൽ

By: 600110 On: May 20, 2026, 10:05 AM

 

കാനഡയിലെ ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും യോർക്ക് മേഖലയിലുമായി ഇരുപതോളം ആഡംബര വസതികളിൽ മോഷണം നടത്തിയ അന്താരാഷ്ട്ര കവർച്ചാ സംഘത്തെ യോർക്ക് റീജണൽ പോലീസ് പിടികൂടി.  വിനോദസഞ്ചാരികളെന്ന വ്യാജേന കാനഡയിലെത്തുകയും തുടർന്ന് ആസൂത്രിതമായി മോഷണങ്ങൾ നടത്തുകയും ചെയ്യുന്ന അന്താരാഷ്ട്ര 'ക്രൈം ടൂറിസം'  ശൃംഖലയിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചു. ജനവാസ മേഖലകളിലെ വീടുകളുടെ പിൻഭാഗത്തുള്ള ഗ്ലാസ് വാതിലുകൾ തകർത്ത് അകത്തുകടക്കുന്ന സംഘം, പണം, സ്വർണം, ആഡംബര വസ്തുക്കൾ, തോക്കുകൾ എന്നിവയാണ് പ്രധാനമായും അപഹരിച്ചിരുന്നത്.

ചിലിയിൽ നിന്നുള്ള ജോസ് റിക്കാർഡോ വർഗാസ് സെപുൽവേദ (24), റോഡ്രിഗോ ഏരിയൽ കൊറിയ പരേദസ് (24), ഡാനിൽ അലക്സിസ് കാരസ്കോ ക്രൂസസ് (44), റോസ് മേരി മൺറോയ് സെപുൽവേദ (27) എന്നിവരാണ് അറസ്റ്റിലായത്.
​പ്രദേശത്തുണ്ടായ കവർച്ചാ പരമ്പരകളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ഏപ്രിലിൽ പോലീസ് രൂപീകരിച്ച 'പ്രോജക്റ്റ് ടൗൺസ്'  എന്ന പ്രത്യേക ദൗത്യസംഘമാണ് പ്രതികളെ വലയിലാക്കിയത്. വോഗൻ നഗരത്തിലെ ഒരു വസതിയിൽ മോഷണം നടത്തുന്നതിനിടെയാണ് സംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ ബുധനാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ടൊറൻ്റോ, മിസിസാഗ എന്നിവിടങ്ങളിലെ ഒളിത്താവളങ്ങളിൽ നടത്തിയ റെയ്ഡിലാണ് നാലാമത്തെ പ്രതി പിടിയിലായത്.

പ്രതികളിൽ നിന്ന് വൻതോതിൽ കവർച്ചാമുതലുകളും, പൂട്ടുപൊളിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും, പോലീസിൻ്റെ ആശയവിനിമയ സംവിധാനം തടസ്സപ്പെടുത്താൻ ശേഷിയുള്ള 'റേഡിയോ ഫ്രീക്വൻസി ജാമറുകളും' കണ്ടെടുത്തു. അറസ്റ്റിലായ പ്രതികൾക്കെതിരെ ഭവനഭേദനം, മോഷണം, തൊണ്ടി മുതൽ കൈവശം വെക്കൽ എന്നിവയുൾപ്പെടെ 47 ഓളം വകുപ്പുകൾ ചുമത്തി.