പി പി ചെറിയാന്‍
ഡാളസ്: യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പ്രവാസി മലയാളി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മയായ 'എസ്സന്‍സ് ഗ്ലോബല്‍' സംഘടിപ്പിക്കുന്ന ശാസ്ത്ര-സ്വതന്ത്രചിന്താ സെമിനാര്‍ 'എസ്സന്‍സ് ഫെസ്റ്റ് യുഎസ്എ '26' മെയ് 30 ശനിയാഴ്ച ഡാളസില്‍ വെച്ച് നടക്കും. ഗാര്‍ലന്റിലെ കേരള അസോസിയേഷന്‍ ഓഫ് ഡാളസ് ഹാളാണ് (3821 Broadway Blvd, Garland, TX 75043) ഈ വിജ്ഞാനോത്സവത്തിന് വേദിയാകുന്നത്.
കേരളത്തിലെയും വിദേശത്തെയും പ്രമുഖ സ്വതന്ത്രചിന്തകരും പ്രഭാഷകരും പങ്കെടുക്കുന്ന വിപുലമായ പരിപാടികളാണ് സെമിനാറിന്റെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്.സെമിനാറിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണം 'പ്രാര്‍ത്ഥന ഫലിക്കുമോ?' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദമാണ്. പ്രമുഖ സ്വതന്ത്രചിന്തകന്‍ ജെയിംസ് കുരീക്കാട്ടിലും, പ്രശസ്ത ക്രൈസ്തവ പ്രഭാഷകന്‍ പാസ്റ്റര്‍ ഷിബു പീടിയേക്കലും തമ്മിലാണ് ഈ വിഷയത്തില്‍ സംവദിക്കുന്നത്. പ്രശസ്ത നടനും എഴുത്തുകാരനുമായ തമ്പി ആന്റണി 'വിശ്വാസം വിദ്വേഷമാകുമ്പോള്‍' എന്ന വിഷയത്തില്‍ സംസാരിക്കും.
തീവ്രവാദ ആക്രമണത്തിന് ഇരയായിട്ടും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്ന പ്രമുഖ വ്യക്തിത്വവും അധ്യാപകനുമായ പ്രൊഫ. ടി. ജെ. ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്യും.
ശാസ്ത്രീയ മനോവൃത്തിയും യുക്തിചിന്തയും സമൂഹത്തില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എസ്സന്‍സ് ഗ്ലോബല്‍ ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി പ്രവാസികള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്കായി ക്യുആര്‍ കോഡ് (QR Code) വഴിയുള്ള രജിസ്‌ട്രേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.