ബ്രിട്ടീഷ് കൊളംബിയയിലുള്ള മിഷൻ നഗരത്തിൽ ജനവാസ മേഖലയിലിറങ്ങിയ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ വീടിന് പിറകുവശത്ത് വെച്ചായിരുന്നു സംഭവം. വളർത്തുനായയുടെ അസ്വാഭാവികമായ കുര കേട്ടുണർന്ന വീട്ടുടമസ്ഥൻ, വീടിന് പിറകിൽ കണ്ട കരടിയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉടൻ തന്നെ വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാൽ വലിയ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. കൈക്ക് പരിക്കേറ്റ വ്യക്തി നിലവിൽ ചികിത്സയിലാണെന്നും, ആരോഗ്യനില തൃപ്തികരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടയുടൻ ബി.സി കൺസർവേഷൻ ഓഫീസർ സർവീസിലെ പ്രത്യേക സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ കരടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് നിലവിൽ നിരീക്ഷണ ക്യാമറകളും കെണികളും സ്ഥാപിച്ചിട്ടുണ്ട്. സ്പ്രിംഗ് സീസണിൽ കരടികൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് വന്യജീവി സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. കരടികളെ ആകർഷിക്കുന്ന രീതിയിൽ ഭക്ഷണാവശിഷ്ടങ്ങളും മാലിന്യങ്ങളും തുറസ്സായ സ്ഥലങ്ങളിൽ നിക്ഷേപിക്കരുതെന്നും, വനപ്രദേശങ്ങളോട് ചേർന്നുള്ള മേഖലകളിൽ സഞ്ചരിക്കുന്നവർ പ്രതിരോധത്തിനായുള്ള 'ബെയർ സ്പ്രേ' കരുതണമെന്നും അധികൃതർ നിർദേശിച്ചു