പ്രസാദ് തീയാടിക്കല്‍
ഗ്രേപ്വൈന്‍,ടെക്‌സസ് : ടെസ്ലയുടെ സൈബര്‍ട്രക്കിലെ 'വേഡ് മോഡ്'(wade mode) ഫീച്ചര്‍ പരീക്ഷിക്കാനെന്ന പേരില്‍ വാഹനമെടുത്ത് തടാകത്തിലേക്ക് ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 18 തിങ്കളാഴ്ച രാത്രി ഗ്രേപ്വൈന്‍ ലേക്കിലെ കാറ്റീസ് വുഡ്‌സ് ബോട്ട് റാംപ് സമീപത്താണ് സംഭവമുണ്ടായത്.
പൊലീസ് അറിയിച്ചതനുസരിച്ച്, ജിമ്മി ജാക്ക് മക്ഡാനിയല്‍ എന്നയാളാണ് ടെസ്ല സൈബര്‍ ട്രക്ക് ഉദ്ദേശപൂര്‍വ്വം വെള്ളത്തിലേക്ക് ഓടിച്ചത്. ''വേഡ് മോഡ്'' വെള്ളത്തില്‍ വാഹനം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് പരിശോധിക്കാനായിരുന്നു ശ്രമമെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.
എന്നാല്‍ തടാകത്തിലേക്ക് കടന്നതോടെ ഇലക്ട്രിക് ട്രക്ക് പ്രവര്‍ത്തനരഹിതമായി വെള്ളം കയറാന്‍ തുടങ്ങി. തുടര്‍ന്ന് ഡ്രൈവറും വാഹനത്തിലുണ്ടായിരുന്ന യാത്രക്കാരും പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഗ്രേപ്വൈന്‍ ഫയര്‍ ഡിപ്പാര്‍ട്‌മെന്റ് ജല രക്ഷാസംഘം എത്തി വാഹനം തടാകത്തില്‍ നിന്ന് പുറത്തെടുത്തു.
സംഭവത്തെ തുടര്‍ന്ന് മക്ഡാനിയലിനെ നിയന്ത്രിത മേഖലയിലേക്ക് വാഹനം ഓടിച്ചതും ജലസുരക്ഷാ നിയമലംഘനങ്ങളും ഉള്‍പ്പെടെയുള്ള നിരവധി കുറ്റങ്ങള്‍ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം, ടെസ്ലയുടെ 'Wade Mode' ഫീച്ചര്‍ ആഴം കുറഞ്ഞ വെള്ളത്തിലൂടെയുള്ള യാത്രയ്ക്കായി മാത്രം രൂപകല്‍പ്പന ചെയ്തതാണെന്നും സൈബര്‍ട്രക്ക് ഒരു ബോട്ടല്ലെന്നും അധികൃതര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.