പ്രസാദ് തീയാടിക്കല്‍
സാന്‍ ഡിയാഗോ: മെയ് 18 ന് അമേരിക്കയിലെ ഇസ്ലാമിക് സെന്റര്‍ ഓഫ് സാന്‍ ഡിയാഗോയില്‍ നടന്ന വെടിവെപ്പില്‍ സുരക്ഷാ ഗാര്‍ഡായ അമീന്‍ അബ്ദുല്ല കൊല്ലപ്പെട്ടു. പ്രാര്‍ത്ഥന സമയത്തിനടുത്ത് ഉണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
പോലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആക്രമണം ആരംഭിച്ച ഉടന്‍ അമീന്‍ അബ്ദുല്ല റേഡിയോ വഴി മസ്ജിദ് സ്‌കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ സഹായിച്ചു. അദ്ദേഹത്തിന്റെ സമയോചിത ഇടപെടല്‍ കൂടുതല്‍ ജീവനുകള്‍ രക്ഷിക്കാന്‍ കാരണമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട രണ്ട് കൗമാരപ്രായക്കാരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. ഇവര്‍ സ്വയം വെടിവെച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ഇത് വിദ്വേഷപരമായ ആക്രമണമാകാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
പ്രാദേശിക മുസ്ലിം സമൂഹം അമീന്‍ അബ്ദുല്ലയെ ''ധീരനായ രക്ഷകന്‍'' എന്ന നിലയില്‍ അനുസ്മരിച്ചു. നിരവധി വര്‍ഷങ്ങളായി മസ്ജിദിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന അദ്ദേഹം സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു.