പ്രസാദ് തീയാടിക്കല്‍
കാരോള്‍ട്ടന്‍, ടെക്‌സാസ്: ടെക്‌സസിലെ കാറോള്‍ട്ടണില്‍ ഈ മാസം നടന്ന ഇരട്ട വെടിവെപ്പ് കൊലപാതക കേസില്‍ പ്രധാന പ്രതിയായ സെയൂങ് ഹോ ഹാന്‍ ന്റെ ഭാര്യ എയ് സോണ്‍ ഹാന്‍ നെയും പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടാം കൊലപാതകത്തില്‍ സഹായിച്ചെന്നാരോപണം ഉണ്ടായിരുന്നു. മിന്നസോട്ടയില്‍ നിന്നാണ് യു.എസ്. മാര്‍ഷല്‍സ് സര്‍വീസിന്റെ സഹായത്തോടെ ഇവരെ പിടികൂടിയത്.
കേസന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളും തുടര്‍ചോദ്യം ചെയ്യലുകളും അടിസ്ഥാനമാക്കി, വെടിവെപ്പ് നടന്ന സമയത്ത് ഏ സോന്‍ ഹാന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും രണ്ടാമത്തെ കൊലപാതകത്തില്‍ ഭര്‍ത്താവിനെ സഹായിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്. ടെക്‌സസിലേക്ക് തിരിച്ചുകൊണ്ടുവന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കാറോള്‍ട്ടണ്‍ പൊലീസ്.
മെയ് 5-നായിരുന്നു കാറോള്‍ട്ടണിലെ കൊറിയന്‍ വ്യാപാരമേഖലയായ കെ-ടൗണ്‍ പ്ലാസയ്ക്ക് സമീപം വെടിവെപ്പ് ഉണ്ടായത്. ആദ്യ ആക്രമണത്തില്‍ നാല് പേര്‍ക്ക് വെടിയേറ്റു. പിന്നീട് സമീപത്തെ ഒരു അപാര്‍ട്ട്‌മെന്റില്‍ നടന്ന രണ്ടാമത്തെ ആക്രമണത്തില്‍ മറ്റൊരാള്‍ കൊല്ലപ്പെട്ടു. ആകെ രണ്ട് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
69-കാരനായ സ്യൂങ് ഹോ ഹാന്‍ പൊലീസ് ചോദ്യം ചെയ്യലില്‍ വെടിവെപ്പ് നടത്തിയതായി സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ട്. വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും ഇയാള്‍ മൊഴി നല്‍കിയതായി അധികൃതര്‍ അറിയിച്ചു. ഇയാള്‍ക്കെതിരെ രണ്ട് ക്യാപിറ്റല്‍ മര്‍ഡര്‍ കുറ്റങ്ങളും മൂന്ന് അഗ്രവേറ്റഡ് അസോള്‍ട്ട് കുറ്റങ്ങളും നിലവിലുണ്ട്.
സംഭവം കാറോള്‍ട്ടണിലെ കൊറിയന്‍ സമൂഹത്തെ നടുക്കിയിരിക്കുകയാണ്. ഇത് യാദൃശ്ചിക ആക്രമണമല്ലെന്നും വ്യക്തിപരമായ വ്യാപാര തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ലക്ഷ്യബദ്ധമായ ആക്രമണമാണെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.