റാപ്പര്‍ യങ് ഡോള്‍ഫിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതിക്ക് 20 വര്‍ഷം തടവ്ശിക്ഷ

By: 600002 On: May 19, 2026, 2:17 PM



 

പി പി ചെറിയാന്‍

ഷെല്‍ബി കൗണ്ടി (ടെന്നിസി): അമേരിക്കന്‍ റാപ്പറും മ്യൂസിക് ലേബല്‍ ഉടമയുമായ യങ് ഡോള്‍ഫിനെ പകല്‍വെളിച്ചത്തില്‍ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിക്ക് കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചു. കോര്‍ണേലിയസ് സ്മിത്ത് ജൂനിയര്‍ (36) എന്ന പ്രതിക്കാണ് മെംഫിസ് കോടതി ശിക്ഷ വിധിച്ചത്.

1 ലക്ഷം ഡോളറിന്റെ (ഏകദേശം 83 ലക്ഷം രൂപ) ക്വട്ടേഷനായിരുന്നു ഈ കൊലപാതകം. 2021 നവംബറിലാണ് മെംഫിസിലെ ഒരു ബേക്കറിക്ക് മുന്നില്‍ വെച്ച് യങ് ഡോള്‍ഫ് (യഥാര്‍ത്ഥ പേര്: അഡോള്‍ഫ് റോബര്‍ട്ട് തോണ്‍ടണ്‍ ജൂനിയര്‍) വെടിയേറ്റു മരിക്കുന്നത്. ജന്മനാട്ടിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് കൃതജ്ഞതാ സൂചകമായി ടര്‍ക്കി കോഴികളെ വിതരണം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. ബേക്കറിക്ക് മുന്നില്‍ വെച്ച് പ്രതികള്‍ അദ്ദേഹത്തിന് നേരെ ഇരുപതോളം തവണയാണ് വെടിയുതിര്‍ത്തത്.  

ഒന്നാം പ്രതിയായ ജസ്റ്റിന്‍ ജോണ്‍സന് നേരത്തെ തന്നെ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചിരുന്നു. കേസില്‍ മാപ്പുസാക്ഷിയാവുകയും പോലീസിനെ സഹായിക്കുകയും ചെയ്തതിനാലാണ് രണ്ടാമത്തെ വെടിവെപ്പുകാരനായ കോര്‍ണേലിയസ് സ്മിത്തിന്റെ ശിക്ഷ 20 വര്‍ഷമായി കുറച്ചത്.  വ്യക്തിപരമായ ശത്രുതയും സംഗീത ലോകത്തെ മത്സരങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

പ്രിയപ്പെട്ട റാപ്പര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നഗരത്തില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും സംഘര്‍ഷാവസ്ഥയും ഉടലെടുത്തിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പോലും അന്ന് അധികൃതര്‍ ആലോചിച്ചിരുന്നു. ഈ വിധിയോടെ 4 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടങ്ങള്‍ക്കാണ് അവസാനമായിരിക്കുന്നത്.